കോഴിക്കോട് കഴിഞ്ഞ ദിവസം ബസ്സിൽ ലെെംഗിക അതിക്രമം നടന്നെന്ന ആരോപണത്തെ തുടർന്ന ആത്മഹത്യ ചെയ്ത ദീപക്ക് എന്ന യുവാവിന്റെ മരണത്തിന് ശേഷം മെൻസ് കമ്മീഷൻ എന്ന ആവിശ്യവും ഉയർത്തികൊണ്ട് രാഹുൽ ഈശ്വർ വീണ്ടും വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. സംസ്ഥാനത്ത് പുരുഷ കമ്മിഷൻ രൂപീകരിക്കുന്നത് സംബന്ധിച്ച ബിൽ കഴിഞ്ഞ 11 മാസമായി നിയമസഭയിൽ തീരുമാനമാകാതെ കെട്ടിക്കിടക്കുകയാണെന്നാണ് രാഹുൽ ഈശ്വർ പറയുന്നത്.
സ്ത്രീവിരുദ്ധർ’ എന്ന് മുദ്രകുത്തപ്പെടുമോ എന്ന ഭയം കാരണം മാധ്യമങ്ങളും മറ്റുള്ളവരും ഇതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മടിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. രാജ്യസഭയിൽ വരെ സമാനമായ വിഷയങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ കേരളം ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് ശരിയല്ല എന്നുമാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.
എന്നാൽ ഈ സാഹചര്യത്തിൽ ഒരു മെൻസ് കമ്മീഷൻ രൂപീകരിക്കുന്നതോ അല്ലെങ്കിൽ ബില്ല് പാസാകുന്നതോ അല്ല വേണ്ടതെന്ന അഭിപ്രായങ്ങളും വിവിധ കോണുകളിൽ നിന്ന് ഉയർന്നു വരികയാണ്. അത് മറ്റൊന്നും കൊണ്ടല്ല, ഈ കമ്മീഷനുകൾ രൂപീകരിച്ചിട്ടുപോലും രാജ്യത്ത് സ്ത്രീകൾക്കെതിരെ നിരവധി അതിക്രമങ്ങളാണ് ദിനംപ്രതി ഉണ്ടാകുന്നത്. അതിന്റെ ധാരാളം ഉദാഹരങ്ങളും ഇന്ന് നമുക്കറിയാം.
മഹിളാ സമാജങ്ങളും സംരക്ഷണ സംഘടനകളും നിലവിൽ ഉണ്ടെങ്കിലും സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണെന്ന വസ്തുത നാം ചിന്തിക്കേണ്ട ഒന്ന് തന്നെയാണ്. ഇത്തരം സംഘടനകൾ ഉണ്ടാക്കി സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി ജാഥ നടത്തുകയോ ഘോരം ഘോരം വാദിക്കുകയോ ചെയുന്നത് കൊണ്ട് മനുഷ്യർക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്ക് ഇപ്പോഴും യാതൊരു കുറവുമില്ല.
ഇത്തരം മെൻസ് കമ്മീഷൻ രൂപീകരിക്കുന്നത് കൊണ്ട് അതിക്രമങ്ങൾ തടയാൻ സാധിക്കില്ല എന്നതാണ് വസ്തുത. ദിനംപ്രതി ഉണ്ടാകുന്ന പരാതികളും ആക്രമണങ്ങളും ഇല്ലാതെയാക്കാനെങ്കിൽ ശക്തമായ നിയമ സംവിധാനം അനിവാര്യമാണ്. ദുബായ് പോലെയുള്ള രാജ്യങ്ങളിലെ ശിക്ഷ വിധികൾ നമുക്ക് അറിയാം. നിസാര കുറ്റങ്ങൾക്ക് പോലും വലിയ തോതിലെ ശിക്ഷ കൊടുക്കുന്നതാണ് അവരുടെ രീതി. ആ നിയമം ഇന്ത്യയിലും വരുകയാണെങ്കിൽ കുറ്റകൃത്യങ്ങൾ ഉണ്ടാകുകയില്ല എന്ന് തന്നെ പറയാൻ സാധിക്കും.
ഇന്ത്യ പോലെയുള്ള ഒരു വലിയ രാജ്യത്ത് നിരവധി കൂട്ടബലാത്സംഘ, പീഡനകേസുകൾ, എന്തിനു ഏറെ പറയുന്നു വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് നിരവധി യുവാക്കളെ കൊന്നൊടുക്കുന്ന കേസുകളും നാം കണ്ടിട്ട് ഉള്ളതാണ്. ആൾക്കൂട്ട കൊലപാതകം മുതൽ ആരോപണങ്ങൾക്ക് വിധേയരായി ജീവനൊടുക്കുന്ന അവസ്ഥകളും എടുത്തു പറയേണ്ടവയാണ്. ഒരുപക്ഷെ, നിയമങ്ങൾ ദൃഢമായിരുന്നുവെങ്കിൽ ബാധിക്കപെട്ടവർക്ക് ഉറപ്പായും നീതി ലഭിച്ചേനെ.
അത് മാത്രമല്ല രാജ്യത്തെ നിയമസംവിധാനത്തിൽ ഇപ്പോൾ ആർക്കും തന്നെ വിശ്വാസമില്ല എന്ന് വേണമെങ്കിൽ പറയാം. ഈ അതിക്രമങ്ങൾക്ക് വിരാമമിടാൻ ഏതെങ്കിലും കമ്മീഷൻ രൂപീകരിക്കുന്നതിലൂടെ കഴിയില്ല എന്ന് തന്നെ പറയാൻ സാധിക്കും. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാരുടെ ജീവനും വിലയുണ്ടെന്നത് നിയമസംവിധാനവും മനസിലാക്കേണ്ട കാര്യമാണ്.
സമത്വം എന്നത് സ്ത്രീയെയും പുരുഷനെയും വേർതിരിക്കുന്ന ഒന്നല്ല മറിച്ച് സ്ത്രീകൾക്കുള്ളത് പോലെ തന്നെ പുരുഷന്മാർക്കും പ്രാധാന്യവും ഉണ്ടെന്നത് മനസ്സിലാക്കേണ്ടതാണ്. സ്ത്രീക്കാണ് നിയമത്തിന്റെ എല്ലാ ആനുകൂല്യവും സംരക്ഷണവും കിട്ടുക എന്ന രീതിയിൽ നിന്ന് മാറി പുരുഷന്മാർക്കും അതെ പ്രാധാന്യം ഉറപ്പാക്കേണ്ടത് നിയമസംവിധാനം തന്നെയാണ്. സ്ത്രീ പുരുഷൻ എന്ന വേർതിരുവിൽ നിന്ന് മാറി ‘മനുഷ്യർ’ എന്ന് ചിന്തിക്കേണ്ടത് നിയമസംവിധാനം ആണെന്ന് പറയാൻ കഴിയും.
ആക്രമണത്തിന് ഇരയായി സ്വന്തം ജീവൻ വെടിയുമ്പോൾ മാത്രം എല്ലാ സഹായ സൗഹര്യങ്ങളും നടപടികളും എടുക്കുന്നത് കൊണ്ട് യാതൊരു കാര്യവുമില്ല എന്നത് മനസിലാക്കേണ്ട കാര്യമാണ്. അഥവാ നടപടി എടുത്താലും അത് എത്രത്തോളം ബാധിക്കപെട്ട ആൾക്ക് നീതി നല്കുമെന്നത് കൂടി പരിഗണിക്കേണ്ടതാണ്.
നിയമം മാറാതെ ഒന്നും മാറാൻ പോകുന്നില്ല എന്നതിന് ഉള്ള തെളിവാണ് ഓരോ ദിവസവും കഴിയുംതോറും സമൂഹം കണ്ടുകൊണ്ടിരിക്കുന്നത്. നിയമത്തിനു മുന്നിൽ എല്ലാവരും ഒരുപോലെയാണ്. എന്നാൽ മരണപ്പെട്ടത് ഒരു ആൺ അല്ലെ അത് വലിയ കാര്യമല്ല എന്ന ചിന്തയാണ് മാറേണ്ടത്. ആൺ ആയാലും പെണ്ണായാലും ഒരു മനുഷ്യ ജീവൻ ആണെന്നത് നിയമ സംവിധാനം മനസിലാക്കേണ്ട വസ്തുത തന്നെയാണ്.






