നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യം കനത്ത തൃകോണ മത്സരത്തിനാണ് ഒരുങ്ങുന്നത്. അതിൽ സുപ്രധാനമായും ജനങ്ങൾ ഉറ്റു നോക്കുന്നത് കേന്ദ്ര ബഡ്ജറ്റിനെ കുറിച്ചാണ്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ രാജ്യം ആകാംഷയോടെ കാത്തിരിക്കുകയാണ്.
ഫെബ്രുവരി 1 ന് ചരിത്രത്തിൽ ആദ്യമായി ഞായറാഴ്ച ആണ് ബജറ്റ് അവതരിപ്പിക്കുക. ആഗോള സാമ്പത്തിക സ്ഥിതിയും ട്രംപിന്‍റെ താരിഫ് ശിക്ഷയും മറികടക്കാന്‍ എന്തൊക്കെ ആശയങ്ങളാകും ധനമന്ത്രി അവതരിപ്പിക്കുക എന്നതിനൊപ്പം വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളും ബജറ്റിനെ സ്വാധീനിക്കുമെന്നുറപ്പും വിവിധ കോണുകളിൽ നിന്ന് ഉയർന്നു വരുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് 2026 ലെ ബജറ്റ് അവതരിപ്പിക്കുന്നതെന്ന വെല്ലുവിളിയും ധനമന്ത്രി നേരിടുന്നു. പ്രാദേശിക, തെരഞ്ഞെടുപ്പ് പരിഗണിച്ച് ജനപ്രിയമായ ക്ഷേമ പദ്ധതികളിലൂന്നുകയും ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാക്രോ ഇക്കണോമിക് മുൻഗണനകൾ ഉള്‍പ്പെടുത്തുകയും ചെയ്യുക എന്ന സമ്മര്‍ദമാണ് ഇപ്പോൾ ധനമന്ത്രിക്ക് മുന്നിലുള്ളത്.
കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ പ്രകടനം മെച്ചപ്പെടുത്താനും ബിജെപി ശ്രമിക്കും എന്നാണ് ഇപ്പോൾ കേൾക്കുന്നത്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ബജറ്റില്‍ എന്തൊക്കെ കാത്തുവെച്ചിട്ടുണ്ടാകുമെന്നും ഉറ്റുനോക്കുന്നു. ഡൽഹിയിലും ബീഹാറിലും തെരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച 2025 ലെ ബജറ്റിലായിരുന്നു ആദായനികുതി ഇളവ് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നൽകിയിരുന്നത്.
പ്രാദേശിക വികസന മുൻഗണനകൾക്കൊപ്പം തൊഴിൽ, വൈദഗ്ധ്യം, യുവാക്കളെ കേന്ദ്രീകരിച്ചുള്ള പദ്ധതികൾ എന്നിവയിലും ബജറ്റ് ഊന്നൽ നൽകുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. കേന്ദ്ര ബജറ്റ് ഒരു സാമ്പത്തിക മാർഗരേഖയായി മാത്രമല്ല, സർക്കാരിന്റെ രാഷ്ട്രീയ മുൻഗണനകളുടെ സൂചനയായും മാറാന്‍ സാധ്യതയുണ്ട് എന്നും അവകാശങ്ങൾ ഉയരുന്നുണ്ട്.
എന്നാൽ ഈ പ്രവിശ്യമെങ്കിലും കേരളത്തെ കേന്ദ്രം വേണ്ട വിധം പരിഗണിക്കുമോ എന്നതും ഒരു വലിയ ചോദ്യമായി ഉയർന്നു വരുകയാണ്. എയിംസ്, ശബരി റെയില്‍ പദ്ധതി, റബറിന്‍റെ താങ്ങു വില വര്‍ധനവ്, വിഴിഞ്ഞത്ത് പ്രത്യേക പദ്ധതികള്‍ എന്നിവയാണ് കേരളം ഇത്തവണ പ്രതീക്ഷിക്കുന്നത്.
അതോടൊപ്പം പലപ്പോഴായി വെട്ടിക്കുറച്ച 21,000 കോടി രൂപ പ്രത്യേക പാക്കേജ് ആയി അനുവദിക്കണമെന്നും കേരളത്തിന്‍റെ ആവശ്യമാണ്. കാലങ്ങളായി എയിംസ്, ശബരി റെയിൽപാത തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ പല കാരണങ്ങൾ പറഞ്ഞ് അവഗണിക്കുകയാണെന്നാണ് കേരളത്തിന്‍റെ പരാതി. ഈ പരാതിക്ക് ഇത്തവണയെങ്കിലും പരിഹാരം ഉണ്ടാകുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം.
2,221.02 കോടി രൂപ ചോദിച്ച കേരളത്തിനു അന്ന് കേന്ദ്രം അനുവദിച്ചത് 260.56 കോടി രൂപ മാത്രമായിരുന്നു. അതെ അവസ്ഥ ഈ ബഡ്ജറ്റിലും ഉണ്ടായാൽ കേരളത്തെ സംബന്ധിച്ചടത്തോളം വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് പോകാനുള്ള സാധ്യതകൾ ഏറെയാണ്.
ഇന്ന് നരേന്ദ്ര മോദി കേരളത്തിലെത്തി 3 അമൃത് ഭാരത് ട്രെയിൻ കൂടെ കേരളത്തിന് സമർപ്പിച്ചിരിക്കുകയാണ്. വികസനങ്ങൾ ഏറെ ഇനിയും ഉണ്ടാകുമെന്ന് വ്യക്തമാക്കുകയും അദ്ദേഹം ചെയ്തിരുന്നു. സർപ്രൈസ് ധനസഹായവുമായി നിർമല സീതാരാമൻ എത്തുമെന്ന പ്രതീക്ഷയിലാണ് കേരളവും അതുപോലെ തന്നെ മറ്റ് സംസ്ഥാനങ്ങളും ഉള്ളത്. മറ്റുള്ള സംസ്ഥാനങ്ങളെ കേന്ദ്ര ഗവണ്മെന്റ് കൈ അയച്ച് സഹായിക്കുന്നു എന്നുള്ള ആക്ഷേപം ഇപ്പോഴും ഉണ്ടെന്നതാണ് വാസ്തവം.
കഴിഞ്ഞ വർഷം ആദായ നികുതി വ്യവസ്ഥയിൽ വൻ ഇളവുകൾ നൽകിയത് ജനങ്ങൾക്ക് വലിയ ആശ്വാസകരമായിരുന്നു. വരാനിരിക്കുന്ന ബഡ്ജറ്റിൽ എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ പരിഗണിക്കണമെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലൻ ആവിശ്യപെടുകയുണ്ടായി. കേരളത്തിന് വേണ്ടി നൽകേണ്ട 21,0000 കോടി രൂപ ഒരു പാക്കേജ് ആയി നൽകണമെന്നുമാണ് അദ്ദേഹത്തിന്റെ ആവിശ്യം.
എന്തായാലും സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ ബാധിക്കുന്ന ചില സുപ്രധാന നീക്കങ്ങൾ ഇത്തവണ ഉണ്ടാകുമെന്നാണ് ഇപ്പൊൾ കിട്ടുന്ന സൂചനകൾ. പണപ്പെരുപ്പവും വർധിച്ചു വരുന്ന ജീവിത ചിലവും സാധാരണക്കാരന്റെ പോക്കറ്റ് കീറുന്ന ഈ കാലഘട്ടത്തിൽ നികുതി ഭാരങ്ങൾ നീക്കാനുള്ള സർക്കാരിന്റെ നീക്കങ്ങൾ എന്താണെന്നാണ് അറിയാനാണ് ഇപ്പോൾ രാജ്യം ആകാംഷയോടെ കാത്തിരിക്കുന്നത്. ഫെബ്രുവരി 1 ന് നിർമല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റിൽ എന്തൊക്കെ സർപ്രൈസ് പ്രഖ്യാപനങ്ങളാണ് ഉണ്ടാകുക എന്നത് കാത്തിരുന്നു കാണാം.






