ദക്ഷിണേഷ്യയിലും പശ്ചിമേഷ്യയിലും നടക്കുന്ന രാഷ്ട്രീയ- മാറ്റങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ നേരിട്ട് സ്വാധീനിക്കുകയാണ്. അടുത്തിടെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പാകിസ്ഥാനുമായി ബന്ധപ്പെട്ട ഒരു പ്രധാന പദ്ധതിയിൽ പിന്മാറിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യാനുള്ള പദ്ധതിയിൽ നിന്നുള്ള ഈ പിന്മാറ്റം, മേഖലയിൽ നടക്കുന്ന വൻ നയതന്ത്ര മാറ്റങ്ങളുടെ സൂചനയായാണ് ലോകം വിലയിരുത്തുന്നത്.
ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാനേജ്‌മെന്റും പ്രവർത്തനങ്ങളും ഒരു വിദേശ സ്ഥാപനത്തിന് കൈമാറാനുള്ള ശ്രമം പാകിസ്ഥാൻ സർക്കാർ നേരത്തെ തുടങ്ങിയിരുന്നു. ഇതിൽ യുഎഇക്ക് പ്രാരംഭമായി താൽപ്പര്യം ഉണ്ടായിരുന്നെങ്കിലും, പിന്നീട് ഒരു പ്രാദേശിക പങ്കാളിയെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടത് അബുദാബിയുടെ താൽപ്പര്യമില്ലായ്മ വ്യക്തമാക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.










