ഇന്ത്യൻ രാഷ്ട്രീയത്തിൽ വീണ്ടും ചലനം സൃഷ്ട്ടിക്കാൻ ഒരുങ്ങുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുൻപും എസ്എആർ നടപടിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും പ്രതിഷേധിച്ച് മമത രംഗത്തെത്തിയിരുന്നു. എന്നാൽ ആ പ്രതിഷേധം തുടരാനുള്ള നടപടികൾ ഉടനെ ആരംഭിക്കുകയാണ് മമത.
എസ്ഐആറിനെതിരെയുള്ള സംസ്ഥാനത്തെ പോരിനിടെയാണ് മമത ഡൽഹിയിലേക്ക് പ്രതിഷേധവുമായി തിരിക്കുന്നത്. സംസ്ഥാനത്തെ എസ്ഐആർ പ്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളിൽ മമത ബാനർജി അസ്വസ്ഥയാണ് എന്നാണ് പുറത്തു വരുന്ന വിവരം. ഇക്കാര്യം ഉന്നയിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിരവധി കത്തുകൾ മമത അയച്ചിരുന്നു. എന്നാൽ അവരുടെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിൽ മമത തൃപ്തയല്ല. ഈ സാഹചര്യത്തിൽ പ്രതിഷേധം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി പാർട്ടി വൃത്തങ്ങൾ നേരത്തെ സൂചിപ്പിച്ചിരുന്നു.
എസ്‌ഐആറിനെതിരെ കൂടുതൽ വിപുലമായ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവുമായാണ് മമത ഡൽഹിയിലേക്ക് എത്തുന്നതെന്നാണ് തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളെ ഉദ്ധരിച്ച് ഒരു പ്രമുഖ അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. പാർലമെന്റ് സമ്മേളനം നടക്കുന്ന സമയത്താകും മമതയുടെ ഡൽഹി പ്രതിഷേധമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നകുന്നത്.
നവംബർ 4 ന് പശ്ചിമ ബംഗാളിൽ SIR പ്രക്രിയ ആരംഭിച്ചു, അതേ ദിവസം തന്നെ മമത ബാനർജിയും അഭിഷേക് ബാനർജിയും കൊൽക്കത്തയിലെ തെരുവുകളിൽ മാർച്ച് നടത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ ഉയർത്തിക്കാട്ടുന്നതിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാഷ്ട്രീയ ആക്രമണം ശക്തമാക്കുന്നതിനുമായി പാർട്ടി മേധാവി ഡൽഹി സന്ദർശിക്കുമെന്ന് ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അടുത്തിടെ സൂചന നൽകിയിട്ടുണ്ട്.
മുൻപും മമത ഇഡി റൈഡുമായി ബന്ധപ്പെട്ട കേസിൽ പ്രതിഷേധം നടത്തിയതും നാം കണ്ടതാണ്. കൽക്കരി കള്ളക്കടത്ത് കേസിൻറെ അന്വേഷണമെന്ന പേരിൽ തൃണമൂൽ കോൺഗ്രസ് ഐടി സെൽ മേധാവിയും ഐപാക് സഹസ്ഥാപകനുമായ പ്രതീക് ജയിനിൻറെ വസതിയും ഓഫീസും ഇഡി റെയ്ഡ് ചെയ്യുന്നതിനിടെയായിരുന്നു മമതയുടെ സർപ്രൈസ് എൻട്രി.
ഡിജിപിക്കും കൊൽക്കത്ത പോലീസ് കമ്മീഷണർക്കുമൊപ്പമെത്തി മമത ബാനർജി രേഖകൾ തട്ടിയെടുത്തെന്നും ഒരു ഇഡി ഉദ്യോഗസ്ഥൻറെ ഫോൺ മോഷ്ടിച്ചെന്നുമാണ് ഏജൻസി സുപ്രീംകോടതിയിൽ പറഞ്ഞത്. ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. അതിന്റെ ചൂട് ഒട്ടും മാറാതെ തന്നെ ഇപ്പോഴിതാ പഴയ എസ്ഐആർ പോരാട്ടവുമായി രംഗത്തെത്തിയിരിക്കുകയാണ് മമത.
ഉത്തർപ്രദേശിൽ എസ്‌ഐആർ നടക്കുന്നുണ്ടെന്നും അവിടെ ഏകദേശം 2 കോടി ആളുകളുടെ പേരുകൾ ഇല്ലാതാക്കുകയും ബംഗാളിൽ 58 ലക്ഷം പേരുടെ പേരുകൾ ഇല്ലാതാക്കുകയും ചെയ്തു എന്നും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പറയുകയുണ്ടായി. കേന്ദ്ര ബജറ്റിന് ശേഷമാകും മമത ഡൽഹിയിലേക്ക് പോകുന്നത് എന്നും പറയപ്പെടുന്നു.
ബംഗാൾ എസ്‌ഐആർ മൂലം മരിച്ചവരുടെ കുടുംബാംഗങ്ങളെ ബംഗാൾ മുഖ്യമന്ത്രി തന്നോടൊപ്പം പ്രതിഷേധത്തിനായി കൊണ്ടുപോകുമെന്നും പറഞ്ഞിട്ടുണ്ട്. നേരത്തെ, തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പത്ത് അംഗ എംപി പ്രതിനിധി സംഘവുമായി ന്യൂഡൽഹി സന്ദർശിക്കുകയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെ കാണുകയും ചെയ്തിരുന്നു.
രാജ്യം ഒരു തിരഞ്ഞെടുപ്പിനെ കൂടി നേരിടാൻ തയാറെടുക്കുന്ന ഈ സാഹചര്യത്തിൽ മമതയുടെ ഈ പ്രതിഷേധം മോദി സർക്കാരിനെ പ്രതിരോധത്തിലാകുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. മമതയുടെ ഈ പ്രതിഷേധം തിരഞ്ഞെടുപ്പ് മുന്നിൽ കൊണ്ടാണെന്നും ജനങ്ങൾക്കായി തെരുവിലിറങ്ങിയാൽ വോട്ട് ഒന്നോടെ ഇങ്ങു പോരുമെന്നാണ് മമതയുടെ പ്രതീക്ഷയെന്നും ഉള്ള ആക്ഷേപങ്ങളും വിവിധ കോണുകളിൽ നിന്ന് ഉയരുകയാണ്.
ഇഡിയുമായുള്ള പോരിൽ മമത കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമര്ശിക്കുകയുമുണ്ടായി. അത് മാത്രമല്ല, കൽക്കരി കുംഭകോണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള തെളിവുകൾ പുറത്തുവിടുമെന്നും മമത ഭീഷണി നൽകിയിരുന്നു. ഇതോടൊപ്പമാണ് ഇപ്പോൾ എസ്എആർ ന്റെ പേരിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നത്.
എന്തായാലും മമതയുടെ ഈ നീക്കം കേന്ദ്ര സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും സമ്മർദ്ദത്തിലാക്കുക തന്നെ ചെയ്യും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനും ജനപിന്തുണ ഉറപ്പാക്കാനും ഈ പ്രതിഷേധം സഹായിക്കുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.






