ഭുവനേശ്വർ: മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്.സി 2026-27 സീസണില്‍ പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലീഗിന്റെ പുതിയ വാണിജ്യ ഘടനയുടെ ഭാഗമായി നിർദേശിച്ച പങ്കാളിത്ത ഫീസ് അടയ്ക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ക്ലബ്ബിന്റെ നിർണായക തീരുമാനം.
പുതുക്കിയ ചട്ടപ്രകാരം 55 ലക്ഷം രൂപയുടെ ആദ്യ ഗഡു ജൂലൈ 20നകം അടയ്ക്കണമെന്നായിരുന്നു നിർദേശം. പിന്നീട് ജൂലൈ 31 വരെ സമയം നീട്ടി നൽകിയെങ്കിലും ക്ലബ്ബ് ഫീസ് അടച്ചില്ല. ഇതോടെയാണ് 2026-27 സീസൺ മുതൽ ഐഎസ്എല്ലിൽ പങ്കെടുക്കില്ലെന്ന് ജംഷഡ്പൂർ എഫ്‌സി ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചത്.
ഐഎസ്എല്ലിൽ നിന്ന് പിന്മാറുന്നുവെങ്കിലും ഇന്ത്യയിലെ ഫുട്ബോൾ വികസന പ്രവർത്തനങ്ങളിലും യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിനുള്ള പദ്ധതികളിലും തുടർന്നും സജീവമായി ഇടപെടുമെന്ന് ക്ലബ്ബ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവ പ്രതിഭകളെ കണ്ടെത്തി ദേശീയ-അന്തർദേശീയ തലങ്ങളിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
2017-ൽ ടാറ്റാ സ്റ്റീൽ ഐഎസ്എൽ എക്സ്പാൻഷൻ സ്ലോട്ട് സ്വന്തമാക്കിയതോടെയാണ് ജംഷഡ്പൂർ എഫ്‌സിയുടെ രൂപീകരണം. ഓവൻ കോയിലിന്റെ പരിശീലനത്തിൽ 2021-22 സീസണിൽ ഐഎസ്എൽ ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയത് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി മാറി. 2025-26 സീസണിൽ ആറാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും സ്ഥിരതയാര്‍ന്നതും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ളതുമായ ക്ലബ്ബുകളിലൊന്നിന്റെ പിന്മാറ്റം ഇന്ത്യന്‍ ഫുട്‌ബോളിന് വലിയ നഷ്ടമായിരിക്കുകയാണ്.




