തിരുവനന്തപുരം: വളം ഡിപ്പോയിൽ ജോലി ചെയ്യുന്നതിനിടെ കീടനാശിനി മുഖത്തേക്ക് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുറുപുഴ കിഴക്കുംകര അജ്‌മൽ മൻസിലിൽ ഷിബിനയാണ് മരിച്ചത്. ആനാട് ജംഗ്ഷനു സമീപത്തെ വളം ഡിപ്പോയിലെ ജീവനക്കാരിയായിരുന്നു ഷിബിന.
കടയിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്തതിനിടെയാണ് അത് അബദ്ധത്തിൽ മുഖത്തേക്ക് വീണത്. കീടനാശിനി ശരീരത്തിനുള്ളിലേക്കും കടന്നതോടെ അസ്വസ്ഥത അനുഭവപ്പെട്ട ഷിബിനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. ഉടൻ നെടുമങ്ങാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും ചികിത്സ നൽകിയെങ്കിലും ഇന്നലെ മരിച്ചു.



