ഒരു കുഞ്ഞു റേഡിയോയിൽ നിന്ന് ഒഴുകിയെത്തുകയാണ് ‘കാതോടുകാതോരം…’ എന്ന പഴയ പാട്ട്. ആനന്ദക്കണ്ണീരോടെ അമ്മ ബോബിന മക്കളെ ചേർത്തുപിടിച്ചു. “മമ്മൂക്ക മക്കൾക്ക് നൽകിയ കേൾവിയാണ് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഓണസമ്മാനം!” എന്ന് നിറകണ്ണുകളോടെ ബോബിന പറഞ്ഞു. കസവു മുണ്ടും മാവേലിയുടെ ചിത്രമുള്ള ഷർട്ടും ധരിച്ച് ചിങ്ങപ്പുലരിയെ വരവേറ്റ ആ കുഞ്ഞുങ്ങളുടെ സന്തോഷം കണ്ട് അമ്മയുടെ മാത്രമല്ല, കണ്ടുനിന്നവരുടെയെല്ലാം കണ്ണുകളും നിറഞ്ഞു. തിങ്കളാഴ്ച ചിങ്ങം പിറക്കുമ്പോൾ കേൾവിയുടെ പുതിയ വർഷത്തിലേക്ക് കാതുതുറക്കുകയാണ് ഈ രണ്ട് കുരുന്നുകൾ. അങ്ങ് ഇടുക്കിയിൽ നിന്നാണ് ഹൃദയം തൊടുന്ന ഈ സംഭവം.
ജന്മനാ കേൾവിശക്തിയില്ലാതിരുന്ന ഇടുക്കി വണ്ടിപ്പെരിയാറിലെ കുഞ്ഞുസഹോദരങ്ങളായ മിഖായേലിനും മിഹോക്കിനും കേൾവിയുടെ പുതിയൊരു ലോകത്തേക്ക് വാതിൽ തുറന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും’ ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി നടപ്പിലാക്കുന്ന ‘കാതോടു കാതോരം’ പദ്ധതിയിലൂടെയാണ് ഇരുവരുടെയും സൗജന്യ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഓണക്കോടിക്കൊപ്പം ഒരു റേഡിയോ കൂടിയാണ് മമ്മൂട്ടി കുട്ടികൾക്ക് കൊടുത്തയച്ചിരിക്കുന്നത്.
വണ്ടിപ്പെരിയാർ സ്വദേശികളായ സോനു-ബോബിന ദമ്പതികളുടെ മക്കളാണ് മിഖായേലും മിഹോക്കും. മൂത്ത മകൻ മിഖായേലിന് രണ്ട് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ കേൾവി തകരാർ തിരിച്ചറിയുന്നത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കുരച്ചുപാഞ്ഞടുത്ത നായയെ കണ്ട് കൂടെ ഉണ്ടായിരുന്നവർ ഓടിയെങ്കിലും, മിഖായേൽ അത് കേട്ടില്ല.. ആദ്യം കാണിച്ച ആശുപത്രിയിൽ നാക്കിന്റെ പ്രശ്നമാണെന്നും കുറച്ചുകൂടി പ്രായമാകുമ്പോൾ മാറുമെന്നും പറഞ്ഞ് തിരിച്ചയച്ചെങ്കിലും അതിൽ വിശ്വാസം തോന്നാത്ത ഇവർ പിന്നീട് കട്ടപ്പനയിൽ നടത്തിയ പരിശോധനയിലാണ് ഉള്ളിലെ കേൾവികോശങ്ങൾക്ക് തകരാറാണെന്ന് മനസ്സിലായത്. ഇതിനിടെ രണ്ടാമത്തെ കുട്ടിയായ മിഹോക്കിനും സമാനമായ തകരാർ കണ്ടെത്തി. ഇയർഫോൺ വെച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. കേൾവിയെ സഹായിക്കുന്ന കോക്ലിയയിലെ കോശങ്ങൾക്ക് ആയിരുന്നു തകരാർ.
ചെറിയ പ്രായത്തിൽ തന്നെ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ കുട്ടികൾക്ക് കേൾവിയും സംസാരശേഷിയും വീണ്ടെടുക്കാനാകൂ എന്ന് ഡോക്ടർമാർ വിധിച്ചു. എന്നാൽ, വണ്ടിപ്പെരിയാറിലെ ലായത്തിൽ കഴിയുന്ന ദിവസവേതനക്കാരനായ സോനുവിന് ഇരുമക്കളുടെയും ശസ്ത്രക്രിയക്കായി ആവശ്യമായ 25 ലക്ഷത്തോളം രൂപ കണ്ടെത്തുക അസാധ്യമായിരുന്നു. സർക്കാരിന്റെ സൗജന്യ ശസ്ത്രക്രിയാ പദ്ധതിയുടെ കാത്തിരിപ്പ് പട്ടികയിൽ പേരുനൽകി കാത്തിരിക്കുകയായിരുന്നു സോനു. അതിനിടെയാണ് ബോബിന പത്രത്തിലൂടെ ‘കാതോട് കാതോരം’ പദ്ധതിയെക്കുറിച്ച് അറിയുന്നതും കെയർ ആൻഡ് ഷെയറിന് അപേക്ഷ നൽകുന്നതും. അത് ആ കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് ആയിരുന്നു.
തുടർന്ന് കുട്ടികളുടെ അവസ്ഥ മനസിലാക്കി, മുഴുവൻ ചികിത്സാച്ചെലവും സംഘടന ഏറ്റെടുക്കുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിലെ ഇ.എൻ.ടി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോർജ്, ഇ.എൻ.ടി സർജൻ ഡോ. സജിത്ത് അബ്രഹാം, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ജോജി ആന്റണി, ഇംപ്ലാന്റ് കോ-ഓർഡിനേറ്റർ എൽജി എം. മാത്യു, സീനിയർ ഓഡിയോളജിസ്റ്റ് അബിൻ ലാസർ, സീനിയർ സ്പീച്ച് തെറാപ്പിസ്റ്റ് സാറ പോൾ എന്നിവരടങ്ങുന്ന വിദഗ്ദ്ധ മെഡിക്കൽ സംഘമാണ് ഇരു കുട്ടികളുടെയും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
ശബ്ദതരംഗങ്ങളെ വൈദ്യുത സിഗ്നലുകളാക്കി മാറ്റി നേരിട്ട് ശ്രവണനാഡിയിലേക്ക് എത്തിക്കുന്ന അത്യാധുനിക കോക്ലിയർ ഇംപ്ലാന്റേഷൻ സാങ്കേതികവിദ്യയിലൂടെയാണ് ഈ കുരുന്നുകൾക്ക് പുതിയ ജീവിതം തിരികെ ലഭിച്ചത്. ജന്മനാ കേൾവിയില്ലാത്ത കുട്ടികളിൽ എത്രയും വേഗം ഈ ശസ്ത്രക്രിയ ചെയ്യുന്നത് അവർക്ക് സ്വാഭാവികമായ സംസാരശേഷി കൈവരിക്കാൻ സഹായിക്കുമെന്ന് ഡോ. രാജേഷ് രാജു ജോർജ് പറയുന്നു. നിലവിൽ ശബ്ദങ്ങൾ തിരിച്ചറിയാനും സംസാരിക്കാനുമുള്ള ഓഡിറ്ററി വെർബൽ തെറാപ്പി പരിശീലനത്തിലാണ് മിഖായേലും മിഹോക്കും.
മിഖായേലിനും മിഹോക്കിനും മാത്രമല്ല മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനിലൂടെ ഇത്തരത്തിൽ പുതുജീവിതം ലഭിക്കുന്നത്. അർഹരായവർക്ക് ഗുണനിലവാരമുള്ള ജീവിതം ഉറപ്പാക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം, സൗജന്യ ചികിത്സ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളോടെ വർഷങ്ങളായി ഈ ഫൗണ്ടേഷൻ നമുക്കിടയിൽ പ്രവർത്തിക്കുന്നു. ‘എൻറെ താര മൂല്യമായിരിക്കരുത്, സമൂഹത്തിൻറെ നന്മയായിരിക്കണം നിങ്ങളുടെ ആത്യന്തിക ലക്ഷ്യം’ എന്ന് തന്റെ ആരാധക കൂട്ടായ്മയോട് തുറന്ന് പറഞ്ഞിട്ടുള്ളയാളാണ് മമ്മൂട്ടി.
കേരളത്തിൽ ജീവകാരുണ്യ രംഗത്ത് നിരവധി ശ്രദ്ധേയമായ പദ്ധതികളാണ് ഈ ഫൗണ്ടേഷൻ നടപ്പിലാക്കുന്നത്. അതിലൊന്ന് മാത്രമാണ് കാതോട് കാതോരം. ജന്മനാ കേൾവിശക്തിയില്ലാത്ത കുട്ടികൾക്ക് സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നൽകുന്ന പദ്ധതി രാജഗിരി ആശുപത്രിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുന്ന ഹൃദയസ്പർശം പദ്ധതി ഏറെ പ്രശംസ നേടിയിട്ടുള്ള ഒന്നാണ്. കേരളത്തെ തിമിര മുക്തമാക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയാണ് കാഴ്ച്ച. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ പേരിൽ നടക്കുന്ന ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനമാണിത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം മുടങ്ങിപ്പോകുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായം നൽകുന്ന വിദ്യാമൃതം പദ്ധതിയും ധാരാളം കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി മുന്നോട്ട് പോകുന്നുണ്ട്.. എംജിഎം (MGM) വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്നാണ് ഇത് നടപ്പിലാക്കുന്നത്. വയനാട് പ്രകൃതിദുരന്ത ബാധിതരായ കുട്ടികൾക്കും ഈ പദ്ധതിയുടെ ഭാഗമായി സഹായം നൽകിയിട്ടുണ്ട്. കേരളത്തിലെ അംഗീകൃത അനാഥാലയങ്ങളിലെ കുട്ടികൾക്ക് പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നതിനുള്ള സ്കോളർഷിപ്പുകൾ നൽകുന്ന വിദ്യാമൃത് പദ്ധതിയും ഫൗണ്ടേഷന് കീഴിലുണ്ട്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും 27 വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന എംജിഎം ഗ്രൂപ്പും ചേർന്ന്, സാമ്പത്തിക പിന്നാക്കാവസ്ഥ, മാതാപിതാക്കളുടെ മരണം, കുടുംബത്തിലെ കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾ തുടങ്ങിയ വിവിധ കാരണങ്ങളാൽ ഉന്നത വിദ്യാഭ്യാസം നേടാൻ കഴിയാത്ത മിടുക്കരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കും.
പ്രവാസി മലയാളികളേയും മറക്കുന്നില്ല പ്രിയ നടൻ. പ്രവാസികൾക്കായി സൗജന്യ മെഡിക്കൽ ‘സെക്കൻഡ് ഒപ്പീനിയൻ’ ലഭ്യമാക്കുന്ന ഫാമിലി കണക്ട് എന്ന പദ്ധതി ഒരു വിപ്ലവാത്മകമായ ആശയമാണ്. രണ്ട് വർഷം മുമ്പാണ് ഇത്തരമൊരു ആശയവുമായി ഫൗണ്ടേഷൻ രംഗത്ത് വരുന്നത്. പ്രവാസി മലയാളികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും നാട്ടിലെ മാതാപിതാക്കൾക്ക് ആരോഗ്യപരിചരണവും ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. തിരുവനന്തപുരം നിംസ് ആശുപത്രിയുമായി സഹകരിച്ച് ഹാർട്ട് ടു ഹാർട്ട് പദ്ധതിയും തുടങ്ങുകയുണ്ടായി. ബൈപാസ് ആവശ്യമായ പ്രായമായ ആളുകൾക്ക് സൗജന്യമായി നൽകുകയായിരുന്നു ലക്ഷ്യം.
ട്രൈബൽ മേഖലകളിലെ സഹോദരങ്ങൾക്കായി ‘പൂർവ്വികം’ എന്നൊരു പദ്ധതിയുമുണ്ട്. വിദ്യാഭ്യാസം, സാമൂഹികം, സുരക്ഷ, ബോധവത്കരണം, ചികിത്സ തുടങ്ങി അവർക്കാവശ്യമായ എല്ലാ സഹായവും എത്തിച്ച് നൽകുന്നതിനായിട്ടാണിത്. വൃക്ക രോഗികളുടെ എണ്ണം അടിക്കടി കൂടി വരുന്ന കാലഘട്ടത്തിൽ അവരെ സഹായിക്കാൻ സുകൃതം പദ്ധതി ആരംഭിച്ചു. കേരളത്തിൽ മാത്രമല്ല, ലക്ഷദ്വീപിലും ഈ പദ്ധതികളുടെയെല്ലാം ഗുണഭോക്താക്കൾ പുതുജീവിതം നേടിയിട്ടുണ്ട്.




