തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭൂമിയിൽ വൻ തീപിടുത്തം. ഗെയിംസ് വില്ലേജിന്റെ ഭാഗമായി മുമ്പ് ഉപയോഗിച്ചിരുന്നുവെങ്കിലും പിന്നീട് ഉപേക്ഷിക്കപ്പെട്ട സ്ഥലത്തെ അടിക്കാടിനും അവശിഷ്ടങ്ങൾക്കുമാണ് തീപിടിച്ചത്.
ഗെയിംസ് വില്ലേജുമായി ബന്ധപ്പെട്ട താത്കാലിക കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മാലിന്യങ്ങളും കിടന്നിരുന്ന പ്രദേശത്താണ് ആദ്യം തീ ആളിപ്പടർന്നത്. തീ മനഃപൂർവം വെച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ.
കഴക്കൂട്ടം, ചാക്ക ഫയർഫോഴ്സ് സ്റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ സമീപ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതലുകളാണ് പ്രധാനമായും സ്വീകരിച്ചിരിക്കുന്നത്.
തീപിടിത്ത പ്രദേശത്തിന് സമീപത്തായി ഭാരത് പെട്രോളിയത്തിന്റെ ഗ്യാസ് ഫില്ലിംഗ് കേന്ദ്രവും വനിതാ ബറ്റാലിയനും സ്ഥിതിചെയ്യുന്നതിനാൽ സ്ഥിതി ഗുരുതരമാണ്. മേനംകുളം പ്രദേശം മുഴുവൻ പുകമഞ്ഞിലമർന്ന നിലയിലാണ്. ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്. കൂടുതൽ ഫയർഫോഴ്സ് സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നാണ് വിവരം.






