കോഴിക്കോട്: ആരാമ്പ്രത്തെ കായിക പ്രേമികളുടെ മൂന്ന് പതിറ്റാണ്ടുകാലത്തെ സ്വപ്നമായ മിനി സ്റ്റേഡിയം യാഥാർത്ഥ്യമാക്കാൻ പഞ്ചായത്ത് ഫണ്ട് വകയിരുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന കളിക്കളത്തിന് ആവശ്യമായ കൂടുതൽ ഭൂമി വാങ്ങുന്നതിന് പഞ്ചായത്ത് പദ്ധതി തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനകീയ കമ്മിറ്റി നിവേദനം നൽകിയത്.
ആരാമ്പ്രം പരിസരത്തുള്ള ഫുട്ബോൾ പ്രേമികൾക്കും വിവിധ ക്ലബ്ബുകൾക്കും നാട്ടുകാർക്കുമായി സ്വന്തമായി ഒരു കളിസ്ഥലം എന്ന ലക്ഷ്യത്തോടെ അഞ്ച് വർഷം മുൻപ് ജനകീയ കൂട്ടായ്മ രൂപീകരിച്ചിരുന്നു. പുനൂർ പുഴയോരത്ത് സ്വകാര്യ വ്യക്തികളിൽ നിന്നും ഭൂമി വാങ്ങിയാണ് നിലവിൽ കളിസ്ഥലം വിപുലീകരിച്ചിട്ടുള്ളത്. എന്നാൽ ആധുനിക സൗകര്യങ്ങളോടെയുള്ള ഒരു മിനി സ്റ്റേഡിയം നിർമ്മിക്കണമെങ്കിൽ കൂടുതൽ ഭൂമി കൂടി ആവശ്യമാണ്.
ഇതിനായി പഞ്ചായത്ത് പ്രത്യേക തുക വകയിരുത്തണമെന്നാണ് ആവശ്യം. വാർഡ്മെമ്പർ സാലിഹ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി പ്രസിഡന്റ് വി. മുഹമ്മദ് കോയ എന്നിവർ ചേർന്ന് മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദിന് നിവേദനം കൈമാറി. നാസർ പുറായിൽ, നസീർ, ഇബ്രാഹിം എരേക്കൽ, ഇസ്മായിൽ പി.പി, മുഹമ്മദ് പൂളക്കാടി, അബു കുറ്റിഓയത്തിൽ, ജംഷീർ അച്ചംകണ്ടി, നൗഫൽ കീമാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




