തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇ ഡി ചോദ്യം ചെയ്യല്‍ നടപടികള്‍ ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. ദ്വാരപാലക കട്ടിളപ്പാളി കേസിലാണ് ചോദ്യം ചെയ്യല്‍. ഇ ഡി കേസ് ഏറ്റെടുത്തതിന് ശേഷം ആദ്യമായി ചോദ്യം ചെയ്യുന്നയാളാണ് മുരാരി ബാബു.
എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങിയ മുരാരി ബാബുവിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയക്കുകയായിരുന്നു.
പ്രതികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ കേന്ദ്രികരിച്ചാണ് അന്വേഷണം ആരംഭിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. 21 ഇടങ്ങള്‍ കേന്ദ്രീകരിച്ച് ഇ ഡി നടത്തിയ പരിശോധനയില്‍ സ്വര്‍ണ്ണം ഉള്‍പ്പടെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് ഇ ഡി തീരുമാനം.സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് 12 ഓളം ആളുകള്‍ക്കാണ് ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്.






