എൻഎസ്എസിനെ കൂടെ കൂട്ടാനുള്ള പ്രതീക്ഷ കൈവിടാതെയാണ് വെള്ളാപ്പള്ളി നടേശൻ ഇപ്പോഴും നിൽക്കുന്നത്. സാമുദായിക ഐക്യത്തിനോട് നോ പറഞ്ഞു എൻഎസ്എസ്, എസ്എൻഡിപിയെ അകത്തി നിർത്തിയെങ്കിലും വീണ്ടും അടുക്കാനുള്ള പ്ലാനുമായി വെള്ളാപ്പള്ളി മുന്നോട്ട് തന്നെയാണ്.
മത ന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനം മൂലം ഭൂരിപക്ഷ ജനവിഭാഗം അവഗണിക്കപ്പെട്ടുവെന്നും സമാന ചിന്താഗതിക്കാർ ഒന്നിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറയുകയുണ്ടായി. എസ്എൻഡിപി യോഗം മുഖപത്രമായ യോഗനാഥത്തിലാണ് വെള്ളാപ്പള്ളിയുടെ ലേഖനം ശ്രദ്ധേയമായത്.
ജാതി പറഞ്ഞ് പോരാടിച്ചാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോകുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അത്തരം ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് സാമുദായിക ഐക്യശ്രമങ്ങൾ. വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യന്റെ വേദനയും സന്തോഷവും ഒന്നാണെന്ന തിരിച്ചറിവ് പലർക്കും ഇല്ല. അത് കേരളത്തിന്റെ ദുര്യോഗമാണ്. ഏറെക്കാലമായി ഭൂരിപക്ഷജനവിഭാഗം ഒറ്റപ്പെട്ട നിലയിലാണ്. ഒരുപാട് ആക്രമിക്കപ്പെട്ടവനാണ് താൻ. തന്നെ ആക്രമിച്ചത് സമുദായത്തിലെ കുലം കുത്തികളാണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിക്കുന്നു.
വെള്ളാപ്പള്ളിക്ക് എതിരെ ഉയരുന്ന ആരോപണങ്ങൾക്ക് അതെ നാണയത്തിൽ മറുപടി കൊടുക്കുന്ന വെള്ളാപ്പള്ളി എൻഎസ്എസ് ഐക്യത്തിനായി സുകുമാരൻ നായരെ ചാക്കിലാക്കാനുള്ള നീക്കമാണെന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. വെള്ളാപ്പള്ളിക്ക് ഇപ്പോൾ എൻഎസ്എസുമായി ഐക്യം ഇല്ലാതെ പറ്റില്ല എന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക് എന്ന് തന്നെ പറയാൻ സാധിക്കും. നായാടി മുതൽ നസ്രാണി വരെയുള്ള സാമുദായിക ഐക്യത്തിന്റെ അടിത്തറ എന്നത് എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും ഐക്യമാണ്.
ഐക്യത്തിന്റെ പ്രതീക്ഷ മങ്ങിയപ്പോൾ പോലും അദ്ദേഹം എൻഎസ്എസിനെയോ സുകുമാരൻ നായരെയോ എതിർക്കാതെ നിന്നിരുന്ന ഒരു രീതിയായിരുന്നു നാം കണ്ടത്. എൻഎസ്എസിനെയോ സുകുമാരൻ നായരെയോ വിമര്ശിക്കാതെ സഭ്യമായ ഭാഷയിലായിരുന്നു വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നത്. വിദൂരമല്ലാത്ത കാലത്ത് ഐക്യം സംഭവിക്കുമെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ അതിനു പിന്നിൽ എല്ലാം ശരിയാകുമെന്നുള്ള ഒരു ചിന്ത വെള്ളാപ്പള്ളിക്ക് നേരത്തെ തന്നെ ഉണ്ടായിരുന്നു എന്നതാണ് വ്യകതമാകുന്നത്.
ജാതി മത ചിന്തകൾ ഇപ്പോഴും സമൂഹത്തിലേക്ക് എത്തിക്കുന്ന ഒരു പ്രവണതയാണ് വെള്ളാപ്പള്ളിക്ക് എന്ന വിമർശനങ്ങൾ പൊതുവെ ഉണ്ട്. എന്നാൽ വെള്ളാപ്പള്ളിയുടെ മകൻ തുഷാർ വെള്ളാപ്പള്ളി ബിഡിജെഎസ്സിന്റെ തലതൊട്ടപ്പനായി നിൽക്കുകയും ഐക്യത്തിനായി ഇരു മുന്നണികൾ തയ്യാറെടുത്തപ്പോൾ അതിലേക്ക് ഇടിച്ച് കയറി വരുകയും ചെയ്തതാണ് അന്ന് ഐക്യം തകരാൻ കാരണമായത് എന്നും ശ്രദ്ധേയമാണ്.
ഭൂരിപക്ഷ ജന വിഭാഗം ഒറ്റപ്പെട്ട അവസ്ഥയിലാണ് ഉള്ളതെന്നും മത ന്യൂനപക്ഷങ്ങളുടെ സ്വാധീനമാണ് കൂടുതലും ഉള്ളതെന്ന പരാമർശം കേരളത്തിൽ ജാതി മത വ്യത്യാസങ്ങളുടെ രൂപമാണ് വെള്ളാപ്പള്ളി പറയാതെ പറയുന്നത്. എന്നാൽ ബിജെപിയുടെ അതെ രീതി തന്നെ വെള്ളാപ്പള്ളി തുടരുന്നതിനാൽ എൻഎസ്എസും ഇടം തിരിഞ്ഞു നിൽക്കുകയാണ്. ഐക്യ നീക്കത്തിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന ബോധ്യത്തോടു കൂടിയായിരുന്നു എൻഎസ്എസ് പിൻ മാറിയത്.
വർഗീയതയും ജാതി മത വ്യത്യാസവും പോലെയുള്ളതെല്ലാം സമൂഹത്തിലേക്ക് കൊണ്ട് വരുന്ന ഒരു പ്രവണതയാണ് ബിജെപിക്ക് ഉള്ളത്. എന്നാൽ ബിജെപിയുടെ അതെ അജണ്ടയാണ് വെള്ളാപ്പള്ളിയുടെ നടത്തുന്നതെന്ന വിമർശനവും ഇപ്പോൾ പല ഭാഗങ്ങളിൽ നിന്ന് ഉയർന്നു വരുന്നുണ്ട്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന് പറഞ്ഞ യുഗപുരുഷനായ ശ്രീനാരായണ ഗുരുവിനെ പോലും വകവെക്കാതെയുള്ള പരാമർശങ്ങളാണ് വെള്ളാപ്പള്ളി നടത്തുന്നത്.
എന്നാൽ ഇപ്പോൾ എൻഎസ്എസ് ഒരു അനുനയത്തിനു തയാറാകുമോ എന്ന ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്. അതേസമയം സുകുമാരൻ നായരോ എൻഎസ്എസോ ഇത് വരെ ഈ കാര്യത്തിൽ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇനിയും ഐക്യത്തിനോട് താത്പര്യമില്ലെന്ന് സുകുമാരൻ നായർ പറഞ്ഞാൽ അത് വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടിയാകുക തന്നെ ചെയ്യും. ഇത്തരത്തിലെ വെള്ളാപ്പള്ളിയുടെ പ്രതീക്ഷകൾ അസ്തമിക്കുമൊ അതോ വീണ്ടും എൻഎസ്എസ് ഒരു ഐക്യത്തിന് തയാറാകുമോ എന്നതാണ് ഇപ്പോൾ കേരള സമൂഹം ഉറ്റു നോക്കുന്നത്.






