തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പവന് 1,920 രൂപ കൂടി 1,15,680 രൂപയും ഗ്രാമിന് 240 രൂപ ഉയർന്ന് 14,460 രൂപയുമായി. ഇത് വീണ്ടും വിപണിയെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇന്നലെ രണ്ടുതവണ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആഗോളവിപണിയിൽ പവന് 1,920 രൂപ കുറഞ്ഞ് 1,14.240 രൂപയായിരുന്നു. എന്നാൽ ഉച്ചയോടെ വീണ്ടും 480 രൂപ കുറഞ്ഞ് പവൻവില 1,13,760 രൂപയിലേക്കെത്തി.
ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി ഒന്നിനായിരുന്നു. അന്ന് പവന് 1,17,760 രൂപയും ഗ്രാമിന് 14,720 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി മൂന്നിനായിരുന്നു. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു.
ആഗോള ഭൗമ, രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സാമ്പത്തിക രംഗത്തെ അനിശ്ചിതാവസ്ഥ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വർണവില ഇനിയും വർദ്ധിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഡോളറിന്റെ മൂല്യം കുറയുന്നതും സ്വർണവില വർദ്ധിക്കാനിടയാക്കുന്നുണ്ട്. സുരക്ഷിതനിക്ഷേപമെന്ന നിലയിൽ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്.






