കോഴിക്കോട്: നരിക്കുനി അങ്ങാടിയിൽ റോഡിലെ മഴവെള്ളം കലുങ്കിലേക്ക് ഒഴുകിപ്പോകുന്നതിനായി കടയുടെ തറയോടു ചേർത്ത് ടാറിങ് നടത്താതെ നിർത്തിയ ചെറിയ അഴുക്കുചാൽ യാത്രക്കാർക്ക് ഭീഷണിയാകുന്നു.
നരിക്കുനി ബസ് സ്റ്റാൻഡിലേക്ക് തിരിയുന്ന പൂനൂർ റോഡ് ജങ്ഷനിൽ നന്മണ്ട-പടനിലം റോഡിൽ നിന്ന് ബൈപ്പാസ് റോഡിലേക്ക് കയറുന്ന ഭാഗത്തെ ഇരുവശത്തെയും കടകൾക്കു മുന്നിലായി അശാസ്ത്രീയമായ രീതിയിൽ നിലനിർത്തിയിരിക്കുന്ന വീതികുറഞ്ഞ ചാൽ ആണ് ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടഭീഷണിയാകുന്നത്. കടകളിലേക്ക് വരുന്നവർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഒരടിയിൽ താഴെ മാത്രമാണ് ഇതിന്റെ വീതി. ഒരടിയോളം താഴ്ചയും.
എളുപ്പവഴിയിലൂടെ കുമാരസ്വാമി റോഡിലെത്താനുമായി ബൈപ്പാസ് ഉപയോഗിക്കുന്ന ഇരുചക്ര-മുച്ചക്ര യാത്രക്കാർ ദിനപ്രതി പെരുകുകയാണ്. വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനത്തോടെ പൈപ്പ് കമ്പിയോ ഇരുമ്പുവലയോ നിരത്തി അപകടസാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




