ന്യൂഡൽഹി: വിവിധ സർക്കാരുകൾ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സൗജന്യങ്ങൾ നൽകുന്ന പതിവുണ്ട്. ഇതിനെതിരെ വാക്കാൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഈ ട്രെൻഡ് എത്രകാലം നീണ്ടുനിൽക്കുമെന്ന് കോടതി ചോദിച്ചു. തമിഴ്‌നാട് സർക്കാർ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിനെതിരെ തമിഴ്‌നാട് വൈദ്യുതി വിതരണ കോർപറേഷൻ നൽകിയ ഹർജിയിലാണ് തമിഴ്‌നാട് സർക്കാരിനെയും വിവിധ സംസ്ഥാന സർക്കാരുകളെയും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങുന്ന ബെഞ്ച് വിമർശിച്ചത്. സൗജന്യ വിതരണം തുടരുമ്പോൾ രാജ്യത്തിന്റെ വികസനം നാം തടസപ്പെടുത്തുകയാണെന്നും കോടതി പറഞ്ഞു.
‘സൗജന്യ ഭക്ഷണവും സൗജന്യ വൈദ്യുതിയും സൗജന്യമായി സൈക്കിളും നൽകിത്തുടങ്ങിയാൽ എന്തുതരം സംസ്‌കാരമാണ് നിങ്ങളിവിടെയുണ്ടാക്കുന്നത്? ‘ തമിഴ്‌നാട് സർക്കാരിനോട് കോടതി ചോദിച്ചു. ‘ഇന്ത്യ മുഴുവൻ നമ്മൾ എന്തുതരം സംസ്‌കാരമാണ് വളർത്തിയെടുക്കുന്നത്? വൈദ്യുതി ചാർജ് അടയ്‌ക്കാൻ കഴിയാത്തവർക്ക് ഒരു ക്ഷേമ സംവിധാനമൊരുക്കിനൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അത് മനസിലാക്കാം. എന്നാൽ താങ്ങാനാകുന്നവർക്കും കഴിയാത്തവർക്കും തമ്മിൽ വേർതിരിവില്ലാതെ നിങ്ങൾ വിതരണം ചെയ്യാൻ തുടങ്ങിയാൽ അത് പ്രീണനമല്ലേ?’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.






