മലപ്പുറം: പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷണൽ സ്പീക്കറും മുൻ പൊലീസുകാരനുമായ ഫിലിപ് മമ്പാടിനെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ. പെൺകുട്ടിയെ കരുതിക്കൂട്ടി കൊണ്ടുപോയതും സംഭവത്തിന് പിന്നാലെ കുടുംബവുമായി ഒത്തുതീർപ്പിന് ശ്രമിച്ചതുമാണ് റിപ്പോർട്ടിലെ പ്രധാന ആരോപണങ്ങൾ.
മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഫിലിപ് മമ്പാട് അറസ്റ്റിലായത്. സമൂഹത്തിൽ സ്വാധീനമുള്ള പ്രതി മനപ്പൂർവം ഗുരുതര കുറ്റകൃത്യം ചെയ്തതാണെന്നും ജാമ്യം നൽകിയാൽ നിയമ സംവിധാനത്തെ സമൂഹം സംശയത്തോടെ കാണാൻ ഇടയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനും സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടലിൽ റൂം എടുത്തപ്പോൾ സർവീസിലുണ്ടായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന പൊലീസ് ഐഡി കാർഡ് കാണിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ ഉപദ്രവിക്കാനുള്ള ഉദ്ദേശ്യത്തോടെ തന്നെയാണ് കൊണ്ടുപോയതെന്നും ആരോപിക്കുന്നു. സംഭവം വീട്ടുകാർ അറിഞ്ഞതോടെ ഒത്തുതീർപ്പിന് ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി.
ഗ്രേഡ് എസ്ഐ ആയിരിക്കെ ഫിലിപ് സ്വയം വിരമിച്ചിരുന്നു. പിന്നീട് മോട്ടിവേഷണൽ സ്പീക്കറായി പ്രവർത്തിച്ചു വരികയായിരുന്നു. മാനസിക പ്രയാസം അനുഭവിച്ചിരുന്ന പെൺകുട്ടിയുടെ കുടുംബം കൗൺസിലിംഗിനായി ഫിലിപ്പിനെ സമീപിച്ചിരുന്നതായും, ആ അടുപ്പം മുതലാക്കി പെൺകുട്ടിയുടെ വിശ്വാസം നേടിയതായും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് പെൺകുട്ടിയെ സ്വന്തം വീട്ടിൽ താമസിപ്പിക്കുകയും, രക്ഷിതാക്കളുടെ അനുമതിയില്ലാതെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോകുകയും ചെയ്തതായും ആരോപണം ഉണ്ട്.
2025 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്കൂളിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി അനുഭവം വെളിപ്പെടുത്തിയത്. തുടർന്ന് ഫെബ്രുവരി 13ന് നിലമ്പൂർ പൊലീസ് ഫിലിപ് മമ്പാടിനെ അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




