പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളെയും അന്ന് താൻ സ്വീകരിച്ച നിലപാടുകളെയും കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകളുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. തന്റെ പുതിയ പുസ്തകത്തിലെ ‘ശബരിമല സമരവും സുവർണാവസര വിധിയും’ എന്ന അധ്യായത്തിലാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്.
രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഭരണകൂടം സംവിധാനങ്ങളെ ദുരുപയോഗം ചെയ്തതിന്റെ ഫലമായാണ് അന്നത്തെ കേസുകൾ ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. വിവാദമായ “സുവർണാവസരം” എന്ന പരാമർശം ഒരു ഗാന്ധിയൻ മാതൃകയിലുള്ള സമരത്തിനുള്ള അവസരത്തെ കുറിച്ചായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
യുവതികൾ മലകയറാൻ എത്തിയ ഘട്ടത്തിൽ നട അടച്ചിടാമെന്ന് തന്ത്രിക്ക് ഉപദേശം നൽകിയത് താനാണെന്ന് ശ്രീധരൻ പിള്ള വെളിപ്പെടുത്തി. ഇത് കോടതിയലക്ഷ്യമാകില്ലെന്ന് താൻ അദ്ദേഹത്തിന് ഉറപ്പ് നൽകിയിരുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ലംഘനം ഉണ്ടാകാതിരിക്കാൻ നട അടച്ചിടുന്നത് നിയമപരമായ അവകാശമാണെന്നും നടപടി ഉണ്ടായാൽ ആദ്യത്തെ പ്രതിയായി താൻ വരാമെന്ന് തന്ത്രിക്ക് വാക്ക് നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
41 ദിവസം തന്ത്രിയെ ജയിലിലടച്ചത് കേരളം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം ആരോപിച്ചു. ജാമ്യാപേക്ഷയിലെ 90 പേജോളം വരുന്ന വിധിന്യായത്തിൽ കേസിൽ തെളിവിന്റെ കണിക പോലുമില്ലെന്ന് കോടതി നിരീക്ഷിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൂഢാലോചന കുറ്റം ആരോപിക്കുമ്പോൾ അത് കൃത്യമായി പരിശോധിക്കണമെന്ന നിയമവ്യവസ്ഥ ഇവിടെ ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ മാപ്പ് പറണമെന്ന് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.




