ലഖ്‌നൗ : മുപ്പത്തിമൂന്ന് കുട്ടികളെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിദേശ രാജ്യങ്ങളിൽ വിൽപന നടത്തിയ കേസിൽ ദമ്പതികൾക്ക് വധശിക്ഷ. ഉത്തർപ്രദേശ് ബന്ദയിലെ ജലസേചന വകുപ്പ് മുൻ ജൂനിയർ എഞ്ചിനീയർ രാംഭവൻ, ഭാര്യ ദുർഗാവതി എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പ്രതികളുടെ കുറ്റകൃത്യങ്ങൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് നിരീക്ഷിച്ചാണ് കോടതി കടുത്ത ശിക്ഷാ നടപടി സ്വീകരിച്ചത്.
പ്രതികൾ കുട്ടികളോട് കാണിച്ച ക്രൂരതയുടെ ആസൂത്രിത സ്വഭാവവും പൈശാചികതയും സമാനതകളില്ലാത്തതാണെന്ന് കോടതി പറഞ്ഞു. വധശിക്ഷയ്ക്ക് പുറമെ, പീഡനത്തിനിരയായ ഓരോ കുട്ടിക്കും പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോട് കോടതി ഉത്തരവിട്ടു. കൂടാതെ, പ്രതികളുടെ വീട്ടിൽ നിന്ന് അന്വേഷണസംഘം കണ്ടെടുത്ത തുക ഇരകളായ കുട്ടികൾക്ക് തുല്യമായി വീതിച്ചു നൽകാനും കോടതി നിർദ്ദേശിച്ചു.
2020 ഒക്ടോബറിലാണ് സിബിഐ ഈ കേസ് ഏറ്റെടുത്തത്. തുടർന്ന് 2021 ഫെബ്രുവരിയിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ കുട്ടികളെ പീഡിപ്പിക്കുക മാത്രമല്ല, ആ ദൃശ്യങ്ങൾ പകർത്തി ഡാർക്ക് വെബ് വഴി 47 രാജ്യങ്ങളിലേക്ക് വിൽപന നടത്തി വരികയുമായിരുന്നു. സിബിഐ ശേഖരിച്ച ശാസ്ത്രീയ തെളിവുകളും ഡിജിറ്റൽ രേഖകളുമാണ് പ്രതികളെ കുടുക്കാൻ നിർണ്ണായകമായത്.
പ്രതികളുടെ ക്രൂരതയ്ക്കിരയായ പല കുട്ടികൾക്കും ശാരീരികമായ പരിക്കുകൾക്ക് പുറമെ കഠിനമായ മാനസികാഘാതവും ഉണ്ടായിട്ടുണ്ട്. ചില കുട്ടികൾക്ക് വർഷങ്ങളോളം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു. നീണ്ട നിയമനടപടികൾക്കൊടുവിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ കേസിൽ ഇപ്പോൾ വിധി വന്നിരിക്കുന്നത്










