നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചകളും പ്ലാനുകളുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കൊട്ടാരക്കരയ്‌ക്ക് പിന്നാലെ പല മണ്ഡലങ്ങളിലും കോൺഗ്രസിലെ സീറ്റ് മോഹികളുടെ കലാപവും രാജിഭീഷണിയും ഉയർന്നു വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കോൺഗ്രസിലും യുഡിഎഫിലുമുള്ള രൂക്ഷമായ തർക്കങ്ങൾ പൊട്ടിത്തെറിക്ക് ഇടയാക്കുമെന്ന സൂചന ലഭിച്ചതോടെ സ്ഥാനാർഥി നിർണയചർച്ചയും പ്രഖ്യാപനവും നീട്ടിവെച്ചിരിക്കുകയാണ് എന്ന വിവരമാണ് പുറത്ത് വരുന്നത്. ആദ്യ പട്ടിക 25ന് മുന്പ് പുറത്തുവിടുമെന്നായിരുന്നു കോൺഗ്രസ് നേതാക്കന്മാരുടെ ആദ്യ പ്രഖ്യാപനം.
സിറ്റിങ് സീറ്റിലേതുൾപ്പെടെ 50 പേരുടെ പട്ടിക സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്‌ത്രിക്ക് കൈമാറിയെങ്കിലും പുറത്തിറക്കേണ്ടെന്ന് കെപിസിസി നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. സീറ്റ് കൈമാറ്റം ഉടൻ വേണമെന്നും കോൺഗ്രസിലെ ആഭ്യന്തരപ്രശ്നം പരിഹരിച്ച് സ്ഥാനാർഥി ചർച്ച വേഗത്തിലാക്കണമെന്നുമാണ് മുസ്ലിം ലീഗിന്റെയും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെയും ശക്തമായ ആവശ്യം. 25ന് കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധിയോട് ഘടകകക്ഷി നേതാക്കൾ പരാതി ഉന്നയിക്കും.
മത്സരിക്കാൻ താൽപ്പര്യമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും പട്ടികയിൽ ഇടംകിട്ടാത്ത കെപിസിസി ഭാരവാഹികൾ അടക്കമുള്ളവരും എങ്ങനെ പ്രതികരിക്കുമെന്ന് നേതൃത്വത്തിന് ഭയമുണ്ടെന്നതാണ് എടുത്ത് പറയേണ്ട കാര്യം. അരുവിക്കരയിൽ എംഎം ഹസനും കണ്ണൂരിൽ മുല്ലപ്പള്ളി രാമചന്ദ്രനും താൽപ്പര്യമുണ്ട് എന്നതും വ്യക്തമാണ്. അത് മാത്രമല്ല കെ സി ജോസഫും രംഗത്തുണ്ട്. ലോക്‌സഭാംഗങ്ങളായ കെ സുധാകരനും കൊടിക്കുന്നിൽ സുരേഷും അടൂർ പ്രകാശും മത്സരിക്കാനൊരുങ്ങുന്നു എന്ന വാർത്തയും പുറത്ത് വരുന്നുണ്ട്.
തിരുവനന്തപുരം സെൻട്രലിനായി വി എസ് ശിവകുമാറും ടി ശരത്‌ചന്ദ്ര പ്രസാദും കഠിനശ്രമത്തിലാണ്. എ ഗ്രൂപ്പ് തൃപ്പൂണിത്തുറ ആവശ്യപ്പെട്ടുകഴിഞ്ഞു. കൊച്ചിയിൽ പുറമെനിന്നുള്ളവർ വേണ്ടെന്ന് പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ചില സഭകൾകൂടി സീറ്റ് ആവശ്യപ്പെട്ട സാഹചര്യത്തിൽ പലരും പുറത്താകും. ഇതിനിടയിൽ മുഹമ്മദ് ഷിയാസ് പെരുമ്പാവൂരോ കൊച്ചിയിലോ സ്ഥാനാർഥിയായി നിൽക്കാൻ സാധ്യത ഉണ്ടെന്ന വർത്തകളും പുറത്ത് വരുന്നുണ്ട്.
ജനപിന്തുണയില്ലാത്ത പാർട്ടികളെ ഘടകകക്ഷിയാക്കിയതിനും മറ്റുപാർട്ടികൾ വിടുന്നവരെ സ്വീകരിച്ച് സീറ്റ് നഷ്ടപ്പെടുത്തുന്നതിനും എതിരെ വ്യാപക പരാതിയാണ് ഇപ്പോൾ ഉയരുന്നത്. ബേപ്പൂരും കൽപ്പറ്റയും മാനന്തവാടിയും ഉൾപ്പെടെ, നോട്ടമിട്ട സീറ്റുകൾ പോയാൽ കോൺഗ്രസ് വിടുന്നതിനെക്കുറിച്ചും പല നേതാക്കളും ആലോചിക്കുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത.
യുവജനങ്ങൾക്ക് അവസരം നൽകുന്നതിനുപകരം പതിവ് മുഖങ്ങൾ തന്നെ വീണ്ടും മുന്നിലെത്താൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെ നിലനില്പിനുള്ള സാധ്യതകൾ കുറയ്ക്കുന്നു എന്ന് തന്നെ പറയാം. തിരുവനന്തപുരം സെൻട്രലിൽ വി എസ് ശിവകുമാറും ടി ശരത്‌ചന്ദ്ര പ്രസാദും തമ്മിലുള്ള മത്സരം പോലും ഐക്യം ഇല്ലാത്ത അവസ്ഥയെ തുറന്നുകാട്ടുന്നതാണ്.
ജനപിന്തുണയില്ലാത്ത ചെറിയ പാർട്ടികളെ കൂട്ടത്തിൽ ചേർക്കുകയും പിന്നീട് അവർക്കായി സീറ്റുകൾ വിട്ടുകൊടുക്കുകയും ചെയ്യുന്നത് കോൺഗ്രസിന് തന്നെ തലവേദനയാകുമെന്ന കാര്യത്തിൽ സംശയമില്ല. വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ അവഗണിച്ച് പുറത്ത് നിന്നെത്തുന്നവർക്കു മുൻഗണന നൽകുന്നത് തന്നെ പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുന്നതാണ്. ബേപ്പൂർ, കൽപ്പറ്റ, മാനന്തവാടി തുടങ്ങിയ മണ്ഡലങ്ങളിൽ സീറ്റ് നഷ്ടപ്പെടുമെന്ന ഭീഷണിയോടെ പാർട്ടി വിടാമെന്ന ചിന്തകൾ ഉയരുന്നത് ആശങ്കാജനകമാണ്. പൊതുസേവനമല്ല, അധികാരമാണ് ലക്ഷ്യം എന്ന് ദിനംപ്രതി കോൺഗ്രസ് നേതൃത്വം തെളിയിക്കുകയാണ്.
പ്രതിപക്ഷത്തെ കരിവാരി തെക്കൻ ശ്രമിക്കുകയും പിന്നീട് കണ്ടവരെയെല്ലാം കോൺഗ്രസിലേക്ക് ക്ഷണിച്ച് തങ്ങളുടെ ഐക്യം തന്നെ ഇല്ലാതെയാക്കുകയാണ് കോൺഗ്രസ്. മറ്റു പാർട്ടികളിൽ നിന്ന് എത്തുന്നവരെ സ്ഥാനാർഥിയാക്കുകയും മുൻപ് നേതൃത്വത്തിൽ ഉണ്ടായിരുന്നവരെ തഴയുകയുമാണ് ഇപ്പോൾ കോൺഗ്രസ് ചെയ്യുന്നത്. സമാധാന ചർച്ചകൾ പ്രതീക്ഷിച്ച കോൺഗ്രസിന് ഒടുവിൽ കിട്ടിയത് പൊട്ടിത്തെറിയും, നേതാക്കന്മാരുടെ രാജി ഭീഷണിയുമാണ്.
എങ്ങനെയും ഭരണം പിടിക്കണമെന്ന ചിന്ത കോൺഗ്രസിനെ കൂടുതൽ കുഴപ്പങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. ഏതായാലും സ്ഥാനാർഥി നിർണയം ആശങ്കയിലായാൽ അത് കോൺഗ്രസിനെയും ഘടക കക്ഷികളെയും കാര്യമായി തന്നെ ബാധിക്കും. ഈ തിരഞ്ഞെടുപ്പിലും ഭരണം കിട്ടിയില്ലെങ്കിൽ അത് കേരളത്തിലെ കോൺഗ്രസിന്റെ തകർച്ച തന്നെ ആകുമെന്ന കാര്യത്തിൽ സംശയമില്ല.










