പരിയാരം: കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനങ്ങളും ചികിത്സയും വളരെ മികച്ചതാണെന്ന് വാഹനാപകടത്തിൽ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ നടത്തിയ റഷ്യൻ യുവതി നതാലിയ. തൃക്കരിപ്പൂരിൽ യോഗാ ടീച്ചേഴ്സ് ട്രെയിനിങ് ഡിപ്ലോമ കോഴ്സിലെ വിദ്യാർഥിനിയും യോഗാ ഗവേഷകയുമായ നതാലിയ ഒരു സ്കൂട്ടറിൽ സുഹൃത്തിനൊപ്പം സഞ്ചരിക്കവെയാണ് വീണ് പരിക്കേറ്റത്. കേരളത്തിൽ ഇൗ കോഴ്‌സിനെത്തിയ ഏക വിദേശ വിദ്യാർഥിനിയായ ഇവർ തൃക്കരിപ്പൂർ വലിയപറമ്പിലാണ് താമസം.
ആദ്യം സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ശസ്ത്രക്രിയക്കായി എൺപതിനായിരം രൂപയിലധികം വേണ്ടിവരുമെന്ന് അറിഞ്ഞതോടെ പരിയാരത്തേക്ക് പോവുകയായിരുന്നു. പരിശോധനകൾക്കുശേഷം അടിയന്തര ശസ്ത്രക്രിയ നടത്തി. കൈത്തണ്ട ഒടിഞ്ഞതിനുള്ള ഓപ്പൺ റിഡക്ഷൻ ഇന്റേണൽ ഫിക്‌സേഷൻ ശസ്‌ത്രക്രിയക്ക് വിധേയയായ യുവതി ആറ് ദിവസത്തിനുശേഷം ആശുപത്രി വിട്ടു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും പെരുമാറ്റം ഏറെ ആശ്വാസവും ആത്മവിശ്വാസവും നൽകിയെന്നു നതാലിയ പറഞ്ഞു. ശസ്ത്രക്രിയാ സമയത്ത് റഷ്യൻ ഗാനങ്ങൾ വച്ചുനൽകി തന്റെ മനസ്സിനെ റിലാക്സാക്കിയതും അവർ ഓർമിച്ചു.






