2021ലെ തെരഞ്ഞെടുപ്പ് കാലം ആരും മറന്ന് കാണില്ല. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നിട്ടുനിന്ന മെട്രോമാന്‍ ഇ. ശ്രീധരനെ അവസാനലാപ്പില്‍ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ സീറ്റ് നിലനിര്‍ത്തിയത് ആ തെരഞ്ഞെടുപ്പിലെ ആവേശകരമായ ജയങ്ങളിലൊന്നായിരുന്നു. പിന്നീട് ഷാഫി പോയി രാഹുല്‍ മാങ്കൂട്ടം വന്നപ്പോഴും ജയിച്ച പാലക്കാട് പിടിക്കാന്‍ ഇത്തവണ കോണ്‍ഗ്രസ് ആരെയെറക്കുമെന്നത് ഏവരും ഉറ്റുനോക്കിയിരുന്ന തീരുമാനമാണ്.
ജയസാധ്യത പരിഗണിച്ച് സിറ്റിങ് എംഎല്‍എമാരെയെല്ലാം മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പാലക്കാട്ടെ സിറ്റിങ് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബലാത്സംഗക്കേസിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് മണ്ഡലത്തില്‍ യുഡിഎഫ് ജയം ആവര്‍ത്തിക്കാന്‍ നേതൃത്വം കരുത്തനായ ഒരു സ്ഥാനാര്‍ഥിയെ തേടിയിരുന്നത്. തൃപ്പൂണിത്തുറയില്‍ കെ ബാബു ഇത്തവണ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ ആ മണ്ഡലത്തില്‍ നിര്‍ത്താന്‍ കണ്ടുവെച്ചിരുന്ന സിനിമാ താരം രമേഷ് പിഷാരടിയെ പാലക്കാട് നിലനിര്‍ത്താനെത്തുന്ന കരുത്തനായി കോണ്‍ഗ്രസ് അവതരിപ്പിക്കുകയാണ്!
ഏറെക്കാലമായി യുഡിഎഫിനൊപ്പം സഞ്ചരിക്കുന്ന മണ്ഡലമാണ് പാലക്കാടെങ്കിലും മൂന്ന് മുന്നണികള്‍ക്കും, പ്രത്യേകിച്ച് ബിജെപിക്കും മോശമല്ലാത്ത സാന്നിധ്യമുണ്ടിവിടെ. 2016ല്‍ നാല്‍പതിനായിരത്തോളം വോട്ട് നേടി ശോഭ സുരേന്ദ്രനും 2021ല്‍ അമ്പതിനായിരത്തോളം വോട്ട് നേടിയ മെട്രോമാനും രണ്ടാമതതെത്തിയ പാലക്കാട് ഒന്നാഞ്ഞ് ശ്രമിച്ചാല്‍ ഇങ്ങോട്ട് പോരും എന്ന കണക്കുകൂട്ടലില്‍ ബിജെപി ഇരിക്കുമ്പോഴാണ് എതിരാളിയായി പിഷാരടി വരുന്നത്. ഒരുപക്ഷേ ഞെട്ടിയത് ബിജെപി മാത്രമാവില്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടിയാകും.
എവിടെയെങ്കിലും ഒരു സീറ്റ് നോക്കി നടന്നിരുന്ന പിഷാരടി പാലക്കാട് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായാണ് സൂചന. ഇതേത്തുടര്‍ന്ന് സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയ പട്ടികയില്‍ പാലക്കാട് അദ്ദേഹത്തിന്റെ പേരു മാത്രമാണ് ഉള്ളതെന്നാണ് വിവരം. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നും അദ്ദേഹത്തിന് ജയസാധ്യത ഏറെയെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് അനുകൂല രാഷ്ട്രീയവും നിലപാടുകളും പലപ്പോഴായി പറഞ്ഞും കോണ്‍ഗ്രസ് വേദികളിലും റാലികളിലും പ്രത്യക്ഷപ്പെട്ടും തന്റെ രാഷ്ട്രീയം തുറന്ന് കാണിച്ച പിഷാരടിക്കിത് ആദ്യ അങ്കമാകും.
നേരത്തെ മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍, അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന കണ്ണന്‍ ഗോപിനാഥന്‍, യൂത്ത് കോണ്‍ഗ്രസിലെ കെഎസ് ജയഘോഷ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പാലക്കാട്ടേക്ക് പരിഗണിച്ചിരുന്നു. പിന്നീട് മുരളീധരന്‍ വട്ടിയൂര്‍ക്കാവിലേക്ക് മാറിയതോടെ ഇനി പ്രതീക്ഷ മുഴുവന്‍ പിഷാരടിയിലാണ്. കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥിക പട്ടിക എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ യാത്രക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി
ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന കേരളത്തിലെ മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. ഇവിടെ ബിജെപിക്ക് വേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ മല്‍സരിക്കുമെന്നാണ് വിവരം. ബിജെപിയും സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന വേളയില്‍ തന്നെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടാനാണ് ബിജെപിയും ആലോചിക്കുന്നത്. ഇതിനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ശോഭയ്ക്ക് മാത്രമായി കുറച്ച് വോട്ടുകള്‍ പാലക്കാട് ഉണ്ടെന്നാണ് ബിജെപി വിശ്വസിക്കുന്നത്. മുന്‍പ് ശോഭ മത്സരിച്ച കാലത്താണ് മണ്ഡലത്തിലെ ബിജെപി വോട്ടില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായതെന്നതും പരിഗണിക്കാം.
ഷാഫിയും മാങ്കൂട്ടത്തിലും ജയിച്ചുപോയ കാലത്തെ അവസ്ഥയല്ല ഇന്ന് പാലക്കാട്. മണ്ഡലത്തിലെ രാഷ്ടീയ സമവാക്യങ്ങള്‍ മാറിമറിയുകയാണ്. രാഹുല്‍ ഉണ്ടാക്കിവെച്ച വിവാദങ്ങളെല്ലാം ജനങ്ങളുടെ മനസില്‍ ഏത് രീതിയിലാണ് കിടക്കുന്നതെന്ന് ഇപ്പോഴും അവ്യക്തം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മാങ്കൂട്ടം വിഷയം കാര്യമായി ബാധിച്ചില്ല എന്ന് പറയുമ്പോഴും അങ്ങനെയാകില്ല നിയമസഭയിലേക്ക് വോട്ട് കുത്തുമ്പോള്‍ ജനങ്ങളുടെ മനസിലുണ്ടാകുന്നത്. അങ്ങനെ വരുമ്പോള്‍ ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയെ വീഴ്ത്തി സാമ്രാജ്യം നിലനിര്‍ത്താന്‍ മാത്രം കരുത്തനാണോ പിഷാരടിയെന്നത് കണ്ടറിയേണ്ട കഥയാണ്.




