കോഴിക്കോട്: വയനാട്– കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാത പദ്ധതിയുടെ ആദ്യ ബ്ലാസ്റ്റിങിന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മറിപ്പുഴയിലെ പദ്ധതി പ്രദേശത്തായിരുന്നു ചടങ്ങ് നടന്നത്.
2025 ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രിയാണ് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്. താത്ക്കാലിക പാലം, ക്രഷർ യൂണിറ്റ്, ഫ്യൂവൽ ടാങ്ക്, തൊഴിലാളികൾക്കായുള്ള ക്യാമ്പ് ഷെഡ് തുടങ്ങിയ അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പദ്ധതിയുടെ പ്രധാന ഘട്ടമായ ബ്ലാസ്റ്റിങ് ആരംഭിച്ചത്.
8.73 കിലോമീറ്റർ നീളമുള്ള ഈ തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്. പദ്ധതിയുടെ മേൽനോട്ടം കേരള പൊതുമരാമത്ത് വകുപ്പ് നിർവഹിക്കുന്നു. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനും നിർവഹണത്തിനുമായി സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനെ നിയമിച്ചിട്ടുണ്ട്. നാല് വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം. ഭോപാൽ ആസ്ഥാനമായ ദിലീപ് ബിൽഡ്‌കോൺ, കൊൽക്കത്ത ആസ്ഥാനമായ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ സ്ഥാപനങ്ങളാണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ മൊത്തം ചെലവ് 2134.5 കോടി രൂപയാണ്.






