എരുമപ്പെട്ടി: തൃശൂർ എരുമപ്പെട്ടിയിൽ നാടിനെ നടുക്കിയ ദാരുണ സംഭവം. വീടിനകത്ത് അതിക്രമിച്ചു കയറിയ തെരുവ് നായയുടെ ക്രൂരമായ ആക്രമണത്തിൽ കിടപ്പുരോഗിയായ വയോധിക കൊല്ലപ്പെട്ടു. വെള്ളറക്കാട് കൊല്ലൻപ്പടി കിഴക്കേപുരയ്ക്കൽ കാർത്ത്യായനി (84) ആണ് മരിച്ചത്. ആക്രമണം തടയാൻ ശ്രമിച്ച കാർത്ത്യായനിയുടെ മകൻ ദേവദാസന് (60) ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു മനുഷ്യസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം.
രണ്ട് വർഷം മുൻപ് വീണ് എല്ലുപൊട്ടിയതിനെ തുടർന്ന് പൂർണ്ണമായും കിടപ്പിലായിരുന്നു കാർത്ത്യായനി. മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസനും മരുന്നിന്റെ പാർശ്വഫലങ്ങളാൽ ക്ഷീണിച്ച് കിടക്കുകയായിരുന്നു. ഈ തക്കം നോക്കിയാണ് വീടിന്റെ വാതിൽ വഴി അകത്തെത്തിയ നായ കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ ആക്രമിച്ചത്. വയോധികയുടെ മുഖത്തും ശരീരമാസകലവും നായ കടിച്ചുകീറി. നിലവിളി കേട്ടെത്തിയ മകൻ ദേവദാസനെയും നായ ക്രൂരമായി ആക്രമിച്ചു.
വൈകുന്നേരം 6.30ഓടെ കാർത്ത്യായനിയുടെ മറ്റൊരു മകൻ മണി അമ്മയ്ക്ക് ഭക്ഷണം നൽകാനായി എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെയും സഹോദരനെയും കണ്ടത്. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കാർത്ത്യായനി മരണത്തിന് കീഴടങ്ങിയിരുന്നു. പരിക്കേറ്റ ദേവദാസൻ നിലവിൽ ചികിത്സയിലാണ്.
പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കാർത്ത്യായനിയെ ആക്രമിച്ച അതേ നായ തന്നെ മുൻപ് ഈ പരിസരത്തുള്ള മറ്റു ചിലരെയും വളർത്തുനായ്ക്കളെയും കടിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. നായയെ ഇതുവരെ പിടികൂടാൻ കഴിയാത്തത് വെള്ളറക്കാട് പ്രദേശത്ത് വലിയ ഭീതി പടർത്തിയിരിക്കുകയാണ്. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന സംശയവും നാട്ടുകാർ പങ്കുവെക്കുന്നു. സംഭവത്തിൽ എരുമപ്പെട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.






