തൈര് കഴിക്കാന്‍ മികച്ച സമയം എന്നൊന്ന് എന്നൊന്നില്ല. പക്ഷേ ദഹനം, ഹോര്‍മോണുകള്‍, കുടലിന്റെ ആരോഗ്യം എന്നിവയെ ആശ്രയിച്ച് ശരീരത്തില്‍ തൈര് എങ്ങനെ പെരുമാറുന്നു എന്നത് വ്യത്യസ്തമാണ്. പകല്‍ സമയത്ത് ദഹനം കൂടുതല്‍ സജീവമാണ്. വയറിലെ ആസിഡ്, ദഹന എന്‍സൈമുകള്‍, കുടലിന്റെ ചലനം എന്നിവ പകലില്‍ കൂടുതല്‍ ശക്തമായിരിക്കും. ഇത് തൈരിനെ എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിക്കുന്നു.
ദിവസത്തിന്റെ ആദ്യ പകുതിയില്‍ ഇന്‍സുലിന്‍ സംവേദന ക്ഷമതയും ദഹന കാര്യക്ഷമതയും കൂടുതലാണ്. രാത്രി വൈകി കഴിക്കുന്നതിനേക്കാള്‍ രാവിലെയോ, ഉച്ച ഭക്ഷണത്തിനൊപ്പമോ തൈര് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പറയുന്നത് ഇതുകൊണ്ടാണ്. രാത്രിയില്‍ കഴിക്കുന്നതിനേക്കാള്‍ പകല്‍ കഴിക്കുന്നത് തന്നെയാണ് നല്ലത്.
അതുപോലെ വെറുംവയറ്റില്‍ കഴിക്കുന്നതിനേക്കാള്‍ നല്ലത് ഭക്ഷണത്തിന്റെ കൂടെ കഴിക്കുന്നതാണ്. ഭക്ഷണം കഴിക്കുമ്പോള്‍ ആമാശയം ക്രമേണ ദഹനരസം പുറത്തുവിടുന്നു. ഇത് തൈരിലെ ഗുണകരമായ ബാക്ടീരിയകളെ കുടലിലേക്ക് എത്തിക്കുന്നു. ഒഴിഞ്ഞ വയറ്റില്‍ ആസിഡിന്റെ അളവ് കൂടുതലായിരിക്കാം, ഇത് പ്രോബയോട്ടിക് അതിജീവനം കുറയ്ക്കുകയും ചിലരില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.




