ചൂട് കൂടുന്നതോടെ ജ്യൂസിനും മറ്റും ഡിമാന്‍ഡും കൂടും. പക്ഷേ ഈ കാലവാസ്ഥയില്‍ ഒഴിവാക്കേണ്ട ചിലതാണ് കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്‌സ്, മദ്യം, ചായ, കോഫി എന്നിവ. ഇവ കൂടുതല്‍ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും.
കേരളത്തില്‍ ഏറ്റവും സുലഭമായി ലഭ്യമാകുന്ന രണ്ട് പാനീയങ്ങളാണ് ഇളനീരും മോരും. രണ്ടും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുമെങ്കിലും ഇവ തമ്മില്‍ ചില വ്യത്യാസങ്ങളുമുണ്ട്. മോരില്‍ ധാരാളം ജലാംശവും പെട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ശരീരം കൂളാക്കും. മോരില്‍ പ്രോബയോട്ടിക്കുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുടലിന്റെ ആരോഗ്യത്തെയും ദഹനത്തെയും സഹായിക്കുന്നുണ്ട്. ഭക്ഷണത്തിന് ശേഷം കഴിക്കാന്‍ ഏറ്റവും അനിയോജ്യം മോരാണ്.
പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയ ഇളനീരിനെ പ്രകൃതിദത്ത ഇലക്ട്രോലൈറ്റ് എന്നാണ് പറയുന്നത്. ഇളനീര്‍ ഇലക്ട്രോലൈറ്റ് ബാലന്‍സ് ചെയ്യുകയും, വെയിലത്ത് കുറേ നേരം നടക്കുകയോ ജോലി ചെയ്യുകയോ ചെയ്യുമ്പോള്‍ ശരീരം പെട്ടെന്ന് ഹൈഡ്രേറ്റ് ചെയ്യാനും സഹായിക്കുന്നു. ക്ഷീണം പേശി വലിവ് എന്നിവ തടയാനും ഇളനീരിന് കഴിയും. വെയിലത്ത് നടന്നു തളരുമ്പോഴും നന്നായി വിയര്‍ക്കുമ്പോഴും കുടിക്കാന്‍ നല്ലത് ഇളനീരാണ്.






