കൊച്ചി: ഐഎസ്എല്ലിൽ യുവ വിങ്ങർ ടൈസൺ സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. നിലവിലെ സീസണിൽ കളിക്കാൻ 21 കാരനായ താരം ടീമിനൊപ്പം ചേർന്നു. മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സിന്റെ റിസർവ് ടീമിൽ നിന്നാണ് ടൈസൺ ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്. വിങ്ങുകളിലും മധ്യനിരയിലും മുന്നേറ്റനിരയിലും ഒരുപോലെ മികവ് തെളിയിക്കാൻ കഴിവുള്ള താരമാണ് അദ്ദേഹം.
മണിപ്പൂരിൽ നിന്നുള്ള ടൈസൺ ഇന്ത്യയുടെ അണ്ടർ-20 ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഐ ലീഗ്, റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗ് തുടങ്ങിയ ടൂർണമെന്റുകളിൽ കളിച്ച അനുഭവസമ്പത്തോടെയാണ് താരം എത്തുന്നത്. ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന അദ്ദേഹം 2020-21 സീസണിൽ ഇന്ത്യൻ ആരോസിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. തുടർന്ന് 2022-23 സീസണിൽ മോഹൻ ബഗാൻ റിസർവ് ടീമിൽ ചേർന്നു.
ഈ പ്രായവിഭാഗത്തിലെ മികച്ച പ്രതിഭകളിൽ ഒരാളായ ടൈസണെ ടീമിലെത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു. തന്റെ കഴിവുകൾ തെളിയിക്കാൻ ഈ വേദി സഹായകരമാകുമെന്നും ടീമിന് കരുത്താകുമെന്നുമാണ് പ്രതീക്ഷ. ടൈസൺ സിംഗ് വരും മത്സരങ്ങളിൽ ടീമിനായി ലഭ്യമാകും.






