കൊച്ചി: പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ‘പത്തേമാരി’ എന്ന ചിത്രം തനിക്ക് ഇന്നും രണ്ടാമതൊന്ന് കാണാൻ സാധിക്കാത്തത്ര സങ്കടകരമാണെന്ന് നടി ജുവൽ മേരി. അവതാരക എന്ന നിലയിൽ പ്രിയങ്കരിയായിരിക്കെ, മമ്മൂട്ടിയുടെ നായികയായി സിനിമയിലേക്ക് തുടക്കം കുറിച്ച ജുവൽ, ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചത്.
പത്തേമാരി തനിക്ക് നൽകുന്ന വൈകാരിക ഭാരത്തെക്കുറിച്ച് ജുവൽ പറയുന്നത് ഇങ്ങനെ: “പത്തേമാരി ഞാൻ രണ്ടാമത് കണ്ടിട്ടില്ല. എനിക്ക് കാണാൻ പറ്റില്ല. കുറച്ച് കണ്ടിട്ട് അവസാനിപ്പിക്കും. അത്രമാത്രം ഹൃദയഭേദകമാണ് ആ സിനിമ. സിനിമ റിലീസ് ചെയ്ത സമയത്ത് തിയേറ്റർ വിസിറ്റിന് പോയത് ഇപ്പോഴും ഓർമയുണ്ട്. പള്ളിക്കൽ നാരായണൻ മരിക്കുന്ന രംഗം കണ്ടപ്പോൾ ഞങ്ങൾക്ക് മുമ്പിലിരുന്ന ഒരു പയ്യൻ ‘അച്ഛാ’ എന്ന് വിളിച്ച് കരഞ്ഞു. അതൊക്കെ അത്രമേൽ ഹൃദയസ്പർശിയായ നിമിഷങ്ങളായിരുന്നു.”
സിനിമയിൽ തനിക്കൊരു മേൽവിലാസം ഉണ്ടാക്കി തന്നത് മമ്മൂട്ടിയാണെന്നും ജുവൽ നന്ദിയോടെ സ്മരിക്കുന്നു. തുടർച്ചയായി രണ്ട് സിനിമകളിലേക്കാണ് മമ്മൂട്ടി തന്നെ ക്ഷണിച്ചത്. ‘മമ്മൂട്ടിയുടെ നായിക’ എന്ന പേര് തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണെന്ന് താരം വിശ്വസിക്കുന്നു.
”ഒന്നും അല്ലാതിരുന്ന എന്നെ വിളിച്ച് ഈ വേഷം തന്നു. പൊക്കിയെടുത്ത് വച്ചത് പോലെയാണ് എനിക്ക് തോന്നിയത്. മമ്മൂട്ടിയെപ്പോലെ ഇത്രയും വലിയൊരു ലെജന്റിന് എന്നെ അറിയാം എന്നത് തന്നെ വലിയൊരു കാര്യമാണ്. എന്റെ കൂട്ടുകാരോടൊക്കെ ഞാൻ പറയും, മമ്മൂക്കയ്ക്ക് എന്നെ അറിയാമെന്നത് ഒരു പ്രത്യേക ഫീലാണ്. അത് വാക്കുകൾ കൊണ്ട് പറഞ്ഞ് അറിയിക്കാനാകില്ല,” ജുവൽ മേരി കൂട്ടിച്ചേർത്തു.
സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയിലെ ആസ്യ എന്ന കഥാപാത്രം ജുവൽ മേരിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച അടയാളപ്പെടുത്തലായി ഇന്നും തുടരുന്നു.






