മലപ്പുറം: 12 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ പിതാവിന് 11 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. കൊണ്ടോട്ടി സ്റ്റേഷൻ പരിധിയിലെ 40കാരനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി വി.എസ്. വരുണ്‍ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. കൂടാതെ, സർക്കാർ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് കുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവീസസ് അതോറിറ്റിയോടും കോടതി നിർദേശം നൽകി.
കൊണ്ടോട്ടി പൊലീസ് ഇൻസ്‌പെക്ടറായിരുന്ന കെ. നൗഫൽ രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്‌പെക്ടർ വി. ജിഷിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് സബ് ഇൻസ്‌പെക്ടർ എസ്.കെ. പ്രിയൻ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.എൻ. മനോജ് 20 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷൻ ലിയാസൺ വിംഗിലെ എ.എസ്.ഐ ആയിഷ കിണറ്റിങ്ങൽ സഹായം നൽകി. ശിക്ഷ വിധിച്ചതിന് ശേഷം പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.






