തിരുവനന്തപുരം: വെഞ്ഞാറമൂട് നാഗരുകുഴിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ബൈക്കിലും കാറിലും ഇടിച്ച് രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ ആദിത്യൻ (22), ജൂലി ഇഗ്നേഷ്യസ് (22) എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാർ യാത്രക്കാരായ യാസിർ, റിഷിൻ എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാറ കയറ്റി പിരപ്പൻകോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണം. തുടർന്ന് ബൈക്കും കാറും ടിപ്പർ ഇടിച്ചുകയറി. അപകടത്തിൽപ്പെട്ട കാറിൽ നിന്ന് ഒരാളെ ചില്ല് പൊട്ടിച്ച് പുറത്തെടുത്തതായും, മറ്റൊരാളെ രണ്ടുമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനുശേഷമാണ് പുറത്തെടുക്കാനായതെന്നും റിപ്പോർട്ടുണ്ട്. കാർ പൂർണമായും തകർന്നു.
കാറിൽ ഉണ്ടായിരുന്ന യാസിറും റിഷിനും മലപ്പുറം കക്കോവ് പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസിലെ അധ്യാപകരാണ്. തിരുവനന്തപുരത്ത് നിന്ന് യൂസ്ഡ് കാർ വാങ്ങി മലപ്പുറത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.അപകടത്തിൽ മരിച്ച ബൈക്ക് യാത്രക്കാരായ ആദിത്യനും ജൂലിയും വിദ്യാർഥികളാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ബി.എ. ഇക്കണോമിക്‌സ് വിദ്യാർഥിനിയാണ് ജൂലി.






