ജയ്‌പുർ: വിരാട് കോലി, രോഹിത് ശർമ എന്നിവരെപ്പോലെ, പകരക്കാരില്ലാത്ത കളിക്കാരനാണ് സഞ്ജു സാംസണെന്ന് രാജസ്ഥാൻ റോയൽസിന്റെ പുതിയ ക്യാപ്റ്റൻ റിയാൻ പരാഗ്. 2021 മുതൽ 25 വരെ രാജസ്ഥാനെ നയിച്ച സഞ്ജു ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് മാറിയിരുന്നു. ഇതോടെയാണ് റിയാൻ പരാഗിനെ നായകനാക്കിയത്.
‘‘അദ്ദേഹത്തെപ്പോലെ കളിക്കുന്ന ഒരാളെ അന്വേഷിക്കാം, പക്ഷേ അങ്ങനെയൊരാളെ കണ്ടെത്താനാകില്ല. പകരക്കാരില്ലാത്ത അസാമാന്യ കളിക്കാരനാണ് സഞ്ജു ഭായ്’’ -പുതിയ സീസൺ തുടങ്ങുന്നതിനു മുന്നോടിയായിനടന്ന പത്രസമ്മേളനത്തിൽ റിയാൻ പറഞ്ഞു.
രണ്ടുഘട്ടങ്ങളിലായി 11 വർഷം രാജസ്ഥാനുവേണ്ടി കളിച്ച സഞ്ജു ടീമിന്റെ ടോപ് സ്‌കോറർകൂടിയാണ്. 2022 സീസണിൽ ടീമിനെ ഫൈനലിലെത്തിക്കാനുമായി.






