തിരുവനന്തപുരം: ഇന്നത്തെ കാലത്ത് തെരഞ്ഞെടുപ്പുകളിൽ സമൂഹമാധ്യമ പ്രചാരണത്തെ കൂടുതലായി ആശ്രയിക്കുന്നവരാണ് സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ റീലുകളും പോസ്റ്റുകളും തുടരെത്തുടരെ അയച്ച് വോട്ടർമാരുടെ ശ്രദ്ധ നേടാൻ സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും ശ്രമിക്കുന്നതും പതിവാണ്. പരസ്യങ്ങളോ പരസ്യസ്വഭാവമുള്ളതോ ആയ പോസ്റ്റുകളും ഇവർ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും നൽകുന്ന പരസ്യങ്ങൾക്കും അനുമതി വേണമെന്ന് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിരിക്കുകയാണ്.
മാധ്യമങ്ങളിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കും മുൻപായി മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയിൽ (എംസിഎംസി)നിന്ന് മുൻകൂട്ടി അനുമതി വേണമെന്ന് നേരത്തേ കമ്മിഷൻ നിർദേശമുണ്ടെങ്കിലും ഇതു സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾക്കും ബാധകമാക്കുകയാണ് ഇപ്പോൾ. സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ നൽകുന്ന സത്യവാങ്മൂലത്തിൽ തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങളും വെളിപ്പെടുത്തണം. പരസ്യത്തിനു ചെലവാകുന്ന തുകയുടെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് പൂർത്തിയായി 75 ദിവസത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷനു സമർപ്പിക്കണം. വ്യക്തികൾക്കും മത്സരിക്കുന്ന സ്ഥാനാർഥികൾക്കും പരസ്യങ്ങൾ സാക്ഷ്യപ്പെടുത്താനായി ജില്ലാതല എംസിഎംസിയിലാണ് അപേക്ഷിക്കേണ്ടത്.






