കോഴിക്കോട്: കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫൈസൽ ബാബുവിനായി വോട്ട് തേടി മകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രാഷ്ട്രീയത്തിന്റെ ഗൗരവമില്ലാതെ, തികച്ചും നിഷ്കളങ്കമായ രീതിയിലുള്ള മകളുടെ വോട്ടഭ്യർത്ഥന വോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.
”യുഡിഎഫ് ഉണ്ട്, എൽഡിഎഫ് ഉണ്ട്, എന്തൊക്കെയോ ഉണ്ട്… എനിക്ക് അതിനെക്കുറിച്ച് വലിയ ധാരണയില്ല,” എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. എന്നാൽ തന്റെ ഉപ്പയെക്കുറിച്ച് മകൾക്ക് കൃത്യമായ ധാരണയുണ്ട്. “ബ്ബ എന്ന് പറയുന്ന അഡ്വ. ഫൈസൽ ബാബു ആള് സൂപ്പറാണ് ട്ടോ. അത് എന്റെ ഉപ്പയായതുകൊണ്ട് പറയുന്നതല്ല, ശരിക്കും സൂപ്പറാണ്,” എന്നാണ് മകളുടെ സാക്ഷ്യപ്പെടുത്തൽ.
കോഴിക്കോട് സൗത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചതിൽ കുടുംബം മുഴുവൻ വലിയ സന്തോഷത്തിലാണെന്നും മകൾ വീഡിയോയിൽ പറയുന്നു. ഇതിനോടകം നിരവധി പേരാണ് വീഡിയോക്ക് താഴെ ഉപ്പയ്ക്ക് വിജയാശംസകളുമായി എത്തിയിരിക്കുന്നത്. “ഉപ്പ ജയിക്കും മോളേ” എന്നൊക്കെയുള്ള കമന്റുകളുമായി പ്രവർത്തകരും വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.






