മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശി മുഹമ്മദ് നിഹാൽ (22), ആലംകോട് സ്വദേശി കബീർ (28) എന്നിവരാണ് അറസ്റ്റിലായത്. എസ്.ഐ വിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിന്തുടർന്ന് സാഹസികമായി പിടികൂടിയത്. കബീർ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം ചങ്ങരംകുളം ഒതളൂർ സ്വദേശിയായ യുവാവിനെ എടപ്പാളിൽ നിന്ന് മൂന്നുപേർ ചേർന്ന് കാറിൽ ബലമായി കയറ്റിക്കൊണ്ടുപോയിരുന്നു. തുടർന്ന് കാറിനുള്ളിൽ വെച്ച് ക്രൂരമായി മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. പിന്നീട് പാലക്കാട് ജില്ലയിലെ വട്ടക്കുന്നത്ത് ഉപേക്ഷിക്കുകയായിരുന്നു.
യുവാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.






