കൊച്ചി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ പോയതിനെത്തുടർന്ന് കിലോമീറ്ററുകൾ തിരിച്ചോടി യാത്രക്കാരെ കയറ്റി. തൃശൂർ – തിരുവനന്തപുരം സ്വിഫ്റ്റ് ബസാണ് പെരുമ്പാവൂർ സ്റ്റാൻഡിൽ കാത്തുനിന്നവരെ കയറ്റാതെ പോയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സിനിമാക്കഥയെ വെല്ലുന്ന നാടകീയമായ ഈ സംഭവം നടന്നത്.
ഏഴ് സ്ത്രീകൾ അടക്കമുള്ള യാത്രക്കാരാണ് പെരുമ്പാവൂരിൽ നിന്നും ഈ ബസിൽ സീറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ നിശ്ചിത സമയം കഴിഞ്ഞിട്ടും ബസ് എത്താതിരുന്നതിനെ തുടർന്ന് യാത്രക്കാർ ഡിപ്പോയിൽ അന്വേഷിച്ചപ്പോഴാണ് ബസ് സ്റ്റാൻഡിൽ കയറാതെ പോയ വിവരം അറിയുന്നത്. ഉടൻ തന്നെ യാത്രക്കാർ ബസ് ജീവനക്കാരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും തിരികെ വരാൻ അവർ തയ്യാറായില്ല.
ഇതോടെ യാത്രക്കാരും നാട്ടുകാരും ചേർന്ന് ഡിപ്പോ ജീവനക്കാരെ ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ അധികൃതർ ഇടപെടുകയും മൂവാറ്റുപുഴയിൽ എത്തിയ ബസിനോട് തിരികെ വരാൻ നിർദ്ദേശിക്കുകയുമായിരുന്നു. തുടർന്ന് 40 കിലോമീറ്ററോളം തിരിച്ചോടി പെരുമ്പാവൂർ സ്റ്റാൻഡിലെത്തിയാണ് ബസ് യാത്രക്കാരെ കയറ്റിയത്. പുലർച്ചെ ഉണ്ടായ ഈ സംഭവം കെഎസ്ആർടിസി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.






