ആലപ്പുഴ: ട്രെയിൻ എത്തിയിട്ടും റെയിൽവേ ഗേറ്റ് അടക്കാതിരുന്നതിനെ തുടർന്ന് ഹരിപ്പാട്ടിന് സമീപം വലിയ അപകടം ഒഴിവായി. ആയാപറമ്പ് ആലിചുവട് ലെവൽ ക്രോസിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആലപ്പുഴയിൽ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ജാംനഗർ–തിരുനെൽവേലി എക്‌സ്പ്രസ് ട്രെയിനാണ് ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ടതോടെ നിർത്തിയത്.
ലെവൽ ക്രോസിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ട്രെയിനിന് മുന്നോട്ട് പോകാനുള്ള സിഗ്‌നൽ ലഭിച്ചില്ല. ഇതിനെ തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി തുടർച്ചയായി ഹോൺ മുഴക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡ് ഉറങ്ങിപ്പോയതാണ് ഗേറ്റ് അടക്കാത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സിഗ്‌നൽ ലഭിച്ചില്ലെന്നായിരുന്നു ഗാർഡിന്റെ വിശദീകരണം.
അന്ന് സമീപത്ത് മേൽപ്പാല നിർമാണം നടക്കുന്നതിനാൽ വാഹന ഗതാഗതം ഈ വഴിയിലൂടെയായിരുന്നു. അതിനാൽ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ സ്ഥലത്ത് ഉണ്ടായിരുന്നു. ട്രെയിൻ എത്തുന്നത് കണ്ടതോടെ വാഹനങ്ങൾ ട്രാക്കിന് സമീപം നിർത്തി. ട്രെയിൻ ട്രാക്കിൽ നിൽക്കുന്നത് കണ്ട യാത്രക്കാരും നാട്ടുകാരും ചേർന്ന് ഗാർഡിനെ വിളിച്ചുണർത്തി ഗേറ്റ് അടപ്പിച്ചതിന് ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.






