തിരുവനന്തപുരം: കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ സ്വദേശിയായ ശരത് ബാബുവിനെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്.
കുട്ടികളുടെ മാതാവിന്റെ ‘ദോഷങ്ങൾ’ മാറണമെങ്കിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന വ്യാജേന വിശ്വസിപ്പിച്ചാണ് പ്രതി പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി കിളിമാനൂരിലെ വാടകവീട്ടിലും തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജിലുമാണ് പീഡനം നടന്നത്.
പ്രതിയുടെ നിരന്തര പീഡനം സഹിക്കാനാകാതെ വന്നതോടെ പെൺകുട്ടികൾ മാതാവിനോട് വിവരം തുറന്നുപറയുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് ക്രൂര പീഡനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഒടുവിൽ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.






