കണ്ണൂർ: വനിതാ സിവിൽ പോലീസ് ഓഫീസർ പി. ദിവ്യശ്രീ (38) കൊല്ലപ്പെട്ട കേസിൽ വിധി മാർച്ച് 28ന് പ്രഖ്യാപിക്കും. ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് മുമ്പാകെ വാദം പൂർത്തിയായി. ഭർത്താവ് കെ. രാജേഷ് (41) പെട്രോൾ ഒഴിച്ച് വെട്ടിക്കൊലപ്പെടുത്തുകയും തടയാനെത്തിയ ദിവ്യശ്രീയുടെ അച്ഛൻ കെ. വാസുവിനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്.
കേസിൽ പ്രധാന തെളിവായി സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കി പ്രദർശിപ്പിച്ചു. ആയുധം വാങ്ങുന്നതും കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും തെളിവായി സമർപ്പിച്ചു. ആകെ 102 രേഖകളും 51 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. 92 സാക്ഷികളിൽ 65 പേരെ വിസ്തരിച്ചു.
സംഭവദിവസം പ്രതി വീട്ടിലെത്തി കൊടുവാളുമായി ആക്രമണം നടത്തി. ആദ്യം വീട്ടിന്റെ ഗ്രിൽസ് വെട്ടി തകർത്തതായും തുടർന്ന് വരാന്തയിൽ പെട്രോൾ ഒഴിച്ച് ദിവ്യശ്രീയെ പലതവണ വെട്ടിയതായും മൊഴികളുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ ഗേറ്റിന് സമീപം പിന്തുടർന്ന് വീണ്ടും വെട്ടിയെന്നാണ് കേസ്. തടയാൻ ശ്രമിച്ച അച്ഛൻ വാസുവിനും പരിക്കേറ്റു. ആക്രമണത്തിന് ശേഷം പ്രതി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പിന്നീട് എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ച് ബാറിൽ മദ്യപിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.
പ്രതി മാനസികാസ്വാസ്ഥ്യമുള്ളവനാണെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും പരിശോധനയിൽ അത് ശരിയല്ലെന്ന് കണ്ടെത്തി. 2024 നവംബർ 21നാണ് സംഭവം നടന്നത്. ദിവ്യശ്രീയും രാജേഷും വേർപിരിഞ്ഞ് കഴിയുകയായിരുന്നു. വിവാഹമോചന കേസ് കോടതിയിൽ പരിഗണനയിലുണ്ടായിരുന്നു. സംഭവ ദിവസം രാവിലെ ദിവ്യശ്രീ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് കോടതിയിൽ അറിയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമാക്കുന്നു. പ്രതി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.






