ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രവർത്തകരുടെ ആവേശം നിയന്ത്രണാതീതമായി. വണ്ടിപ്പെരിയാർ മിനിസ്റ്റേഡിയത്തിൽ നടന്ന പൊതു സമ്മേളനത്തിലാണ് സംഭവം. മുഖ്യമന്ത്രി പ്രസംഗം തുടരുന്നതിനിടെ സദസ്സിലുള്ളവർ കൈയടിച്ചും ആർപ്പ് വിളിച്ചും ആവേശം പ്രകടിപ്പിച്ചു. ശബ്ദം കൂടുതലായതോടെ “ഇനിയും ഇങ്ങനെ ശബ്ദമുണ്ടാക്കിയാൽ പ്രസംഗം നിർത്തും” എന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഇതോടെ സദസ്സിൽ നിശബ്ദതയായി.
ജില്ലയിലെ ഭൂപ്രശ്നം ശാശ്വതമായി പരിഹരിച്ചതും ഭൂമി തരം മാറ്റുന്നതിന് പ്രത്യേക ഫീസ് ഈടാക്കേണ്ടതില്ലെന്ന സർക്കാരിന്റെ തീരുമാനവും മുഖ്യമന്ത്രി പ്രസംഗത്തിൽ എടുത്തു പറഞ്ഞു. കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ഇ.എസ്. ബിജിമോൾ അധ്യക്ഷത വഹിച്ചു. ആർ. തിലകൻ, അഡ്വ. അലക്‌സ് കോഴിമല, പി.എസ്. രാജൻ, വി.ആർ. ശശി, രാരിച്ചൻ നീറണാകുന്നേൽ, സി.എസ്. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. വണ്ടിപ്പെരിയാറിലെ സ്ഥാനാർഥി കെ. സലിംകുമാറിനെ കക്കികവലയിൽ നിന്ന് പൊതുസമ്മേളന വേദിവരെ തുറന്ന വാഹനത്തിൽ സ്വീകരിച്ച് എത്തിച്ചു.






