കോട്ടയം: പ്രതിപക്ഷം ഏജൻസികളെ വച്ച് നുണ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതകൾ വച്ച് എതിർക്കാൻ കഴിയാത്തതിനാൽ നുണകളെ ആശ്രയിച്ചാണ് പ്രതിപക്ഷ പ്രവർത്തനമെന്നും മുഖ്യമന്ത്രി. കോട്ടയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക മേഖലയെ മലിനമാക്കുന്നത് പ്രതിപക്ഷനേതാവിൻറെ അനുയായികളാണ്. സാംസ്കാരിക പാരമ്പര്യത്തിന് സർക്കാരോ മന്ത്രിമാരോ വെല്ലുവിളി ഉയർത്തുന്നില്ല. പ്രതിപക്ഷ നേതാവിൻറെ അനുയായികൾ എന്താണ് ചെയ്യുന്നതെന്ന് നോക്കിയാൽ മതിയെന്നും പിണറായി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിൻറെ പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രിയുടെ വിമർശനം.
കോഴ വാങ്ങുന്നത് യുഡിഎഫ് സംസ്കാരമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ബാർ ലൈസൻസിൽ കോഴയെന്ന കെ.സി. വേണുഗോപാലിൻറെ ആരോപണത്തിനാണ് മറുപടി. ഹരിയാനയിൽ സീറ്റ് കുംഭകോണ ആരോപണം നേരിടുന്ന ആളാണ് സർക്കാരിനെ വിമർശിക്കുന്നതെന്നും പിണറായി വിജയൻ കോട്ടയത്ത് പറഞ്ഞു.




