വാഷിങ്ടൺ: പെന്റഗണും വൈറ്റ്ഹൗസും പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ കൂടി അയയ്ക്കാനുള്ള പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നുവെന്നു ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നതിനിടെയാണ് ഈ നീക്കം. യുഎസ് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി വാൾ സ്ട്രീറ്റ് ജേർണൽ ആണ് വാർത്ത പുറത്തുവിട്ടത്.
ട്രംപ് ഭരണകൂടം ഇറാനെതിരെ കരസേനാ നടപടി ഗൗരവമായി പരിഗണിക്കുന്നുവെന്നതിന്‍റെ സൂചനയായാണ് ഈ റിപ്പോർട്ട് വിലയിരുത്തപ്പെടുന്നത്. കവചിത വാഹനങ്ങൾ ഉൾപ്പെടെ കരസേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പെന്റഗൺ എന്നാണ് വിവരം. ഇതിനകം തന്നെ 5,000 നാവികസേനാ അംഗങ്ങളെ അമേരിക്ക മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, ചർച്ചകൾക്ക് തയ്യാറാകാത്ത ഇറാനെ സമ്മർദ്ദത്തിലാക്കാനാണ് ഈ വലിയ സൈനിക വിന്യാസമെന്നാണ് വിലയിരുത്തൽ. മറ്റൊരു യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇറാനിൽ “അവസാന പ്രഹരം” നടത്തുന്നതിനുള്ള സൈനിക ഓപ്ഷനുകളും പെന്റഗൺ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ കരസേന വിന്യാസവും വൻതോതിലുള്ള ബോംബാക്രമണവും ഉൾപ്പെടാം.
ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണം ചർച്ചകൾ തുടരുന്നതിനാൽ അടുത്ത 10 ദിവസത്തേക്ക് നിർത്തിവെച്ചതായി ട്രംപ് അടുത്തിടെ അറിയിച്ചു.
ഇറാനിയൻ നാവികസേനയും വ്യോമസേനയും തകർത്തുവെന്നും, മിസൈൽ ലോഞ്ചറുകളുടെ ഏകദേശം 90 ശതമാനം നശിപ്പിച്ചതായും ട്രംപ് അവകാശപ്പെട്ടു. ഇറാൻ കരാറിന് തയ്യാറാണെന്നും, എന്നാൽ ചർച്ചകളിൽ പങ്കെടുക്കുന്നില്ലെങ്കിൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാല്‍ ഇത്തരം ചർച്ചകൾ നടക്കുന്നില്ലെന്ന നിലപാടിലാണ് ഇറാൻ.




