തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.ആൻസലനെതിരെ ജാതീയ അധിക്ഷേപവുമായി എൻഡിഎ സ്ഥാനാർഥി ചെങ്കല്‍ രാജശേഖരന്‍ നായർ രംഗത്ത്. സ്വന്തം ജാതിയിലുള്ള ചിലർക്കു മാത്രമാണ് ആനുകൂല്യങ്ങൾ നൽകിയതെന്നും, കോളനികളിലെ വോട്ടുകൾ സ്വാധീനിക്കാൻ സഹായങ്ങൾ നൽകി വിജയിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.
വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോൾ, “സ്വന്തം ജാതിക്കാർക്ക് ജോലി വാങ്ങിക്കൊടുത്തത് ഒഴികെ ആൻസലൻ മറ്റൊന്നും ചെയ്തിട്ടില്ല. ആനുകൂല്യം പ്രതീക്ഷിച്ചാണ് ചിലർ പാർട്ടിയോടൊപ്പം നടക്കുന്നത്. കോളനികളിൽ സഹായങ്ങൾ നൽകി വോട്ടാക്കി മാറ്റുന്ന പ്രവണതയുണ്ട്. അത്തരത്തിലുള്ള ഓഫറുകൾ ഞങ്ങളോടും ആവശ്യപ്പെട്ടെങ്കിലും തങ്ങൾ അത് നിരസിച്ചു,” എന്നുമാണ് എൻഡിഎ സ്ഥാനാർഥിയുടെ ആരോപണം.
ഇതോടൊപ്പം, നാട്ടിലെ ഒരു ക്ഷേത്രം പുനരുദ്ധാനം നടത്തിയതായും, ഉദ്ഘാടനം നടത്താൻ ഗവർണറെ ക്ഷണിക്കുന്നതിനായി റോഡ് നിർമാണത്തിന് എംഎൽഎയോട് സഹായം തേടിയെങ്കിലും അത് നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കോൺക്രീറ്റും സിമന്റും ഉപയോഗിച്ച് താനാണ് റോഡ് നവീകരിച്ചതെന്നും ചെങ്കൽ രാജശേഖരൻ നായർ വ്യക്തമാക്കി.




