ഇടുക്കി: ഏലപ്പാറയിലെ ഹോട്ടൽ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്ത് പോലീസ്. കോതമംഗലം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്.ഏലപ്പാറയിലെ ഹോട്ടൽ ജീവനക്കാരനായിരുന്ന മനുവിനെ വ്യാഴാഴ്ച രാവിലെയാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പപിന്നീട് മനുവിനൊപ്പം താമസിച്ചിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശി സൈഫുദ്ദീൻ മണ്ഡലിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. കൊലപാതക ശേഷം നാടുവിടാൻ ശ്രമിച്ച സൈഫുദ്ദീനെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
സംഭവ ദിവസം രണ്ടുപേരും ഒന്നിച്ചു മദ്യപിച്ചിരുന്നു. ഇതിനിടെ ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കത്രിക ഉപയോഗിച്ചാണ് പ്രതി കുറ്റകൃത്യം നടത്തിയത്. മനുവിന്റെ പുറത്ത് എട്ടുതവണ സൈഫുദ്ദീൻ കത്രിക ഉപയോഗിച്ച് കുത്തിയിരുന്നു. നിലത്തു വീണ മനുവിനെ സൈഫുദ്ദീൻ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. പുറത്തേറ്റ മുറിവുകളും മുഖത്തേറ്റ പരുക്കുമാണ് മരണകാരണം. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി.



