ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യാൻ ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകുന്ന നടപടികൾ തുടരുന്നു. ഇന്നലെ എൽപിജി ടാങ്കറുകളായ ബിഡബ്ല്യു ഇഎൽഎം, ബിഡബ്ല്യു ടിവൈആർ എന്നീ കപ്പലുകൾക്ക് കടക്കാൻ അനുമതി ലഭിച്ചു. ഇവ ചെന്നൈ ആസ്ഥാനമായ ബിഡബ്ല്യു ഗ്ലോബൽ യുണൈറ്റഡ് എൽപിജി കമ്പനിയുടെതാണ്.
നിലവിൽ 18 ഇന്ത്യൻ കപ്പലുകൾ കടലിടുക്കിൽ തുടരുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ശിവാലിക്, നന്ദാദേവി, ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ നാല് എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്ന് പോയിരുന്നു. കൂടുതൽ കപ്പലുകൾ ഇന്ന് മുതൽ കടക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ഇന്ത്യ ഇറാനുമായി നയതന്ത്രതലത്തിൽ ഇടപെടലുകൾ നടത്തി വരികയാണ്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം പരിഗണിച്ച് അന്തർമന്ത്രാലയ സമിതി യോഗം ചേർന്ന് രാജ്യത്തെ സാഹചര്യം വിലയിരുത്തി. യുദ്ധം നീണ്ടാൽ സ്വീകരിക്കേണ്ട നടപടികളും ഊർജ്ജലഭ്യത ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും ചർച്ചയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും ഇന്ത്യയുടെ താൽപര്യം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു.
ഇതിനിടെ, പിഎൻജി കണക്ഷനുകൾ വേഗത്തിൽ നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. 50 ലക്ഷം പുതിയ കണക്ഷനുകൾ നൽകുകയാണ് ലക്ഷ്യം. പാകിസ്താന്റെ 20 കപ്പലുകൾക്കും ഹോർമുസ് കടക്കാൻ ഇറാൻ അനുമതി നൽകിയതായി റിപ്പോർട്ടുണ്ട്. ദിവസേന രണ്ട് കപ്പലുകൾ വീതം കടത്തിവിടും.






