സോൾ: അമേരിക്കയെ ലക്ഷ്യം വയ്ക്കാൻ കഴിയുന്ന മിസൈൽ എഞ്ചിൻ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചതായി റിപ്പോർട്ട്. കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം നടന്നതെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി അറിയിച്ചു.
രാജ്യത്തിന്റെ സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാനപ്പെട്ട പരീക്ഷണമാണിതെന്ന് കിം പ്രശംസിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വേഗത്തിലുള്ളതും കണ്ടെത്താൻ പ്രയാസമുള്ളതുമായ മിസൈലുകൾ വികസിപ്പിക്കുകയാണ് ഉത്തര കൊറിയയുടെ ലക്ഷ്യം. കോമ്പോസിറ്റ് കാർബൺ ഫൈബർ ഉപയോഗിച്ചാണ് എഞ്ചിൻ നിർമ്മിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ അഞ്ച് വർഷത്തെ ആയുധ വികസന പദ്ധതിയുടെ ഭാഗമായാണ് പരീക്ഷണം നടത്തിയതെന്നും അധികൃതർ അറിയിച്ചു.
എന്നാൽ പരീക്ഷണത്തിന്റെ സമയം, സ്ഥലം തുടങ്ങിയ പ്രധാന വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതിനെ തുടർന്ന് പരീക്ഷണത്തെക്കുറിച്ചുള്ള ഉത്തര കൊറിയയുടെ അവകാശവാദങ്ങൾ സംശയാസ്പദമാണെന്ന് ദക്ഷിണ കൊറിയയിലെ വിദഗ്ധർ പറയുന്നു. സമീപകാലത്ത് റഷ്യയുമായി ഉത്തര കൊറിയയുടെ സഹകരണം ശക്തമായിട്ടുണ്ട്. ഇതിനിടെ, ദീർഘദൂര മിസൈലുകൾ ഉൾപ്പെടെ നിരവധി പരീക്ഷണങ്ങൾ ഉത്തര കൊറിയ നടത്തിയിട്ടുണ്ട്.




