കോഴിക്കോട്: എലത്തൂർ പുതിയാപ്പയിൽ ക്ഷേത്രക്കുളത്തിൽ മുങ്ങി വിദ്യാർത്ഥി മരിച്ച സംഭവം നാടിനെ ദുഃഖത്തിലാഴ്ത്തി. പുതിയാപ്പ പണ്ടാരക്കണ്ടി മനോജിന്റെ മകൻ ശ്രീനന്ദൻ ആണ് മരണപ്പെട്ടത്.
അച്ഛനും സഹോദരിയുമായ് പുത്തൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. രാവിലെ ഏഴുമണിയോടെയാണ് സംഭവം നടന്നത്. ശ്രീനന്ദന് നീന്തൽ അറിയാമായിരുന്നുവെങ്കിലും, സഹോദരി പാർവതിയെ നീന്തൽ പഠിപ്പിക്കുന്നതിനിടയിൽ അച്ഛൻ ശ്രദ്ധ മാറ്റിയപ്പോൾ കുട്ടി വെള്ളത്തിൽ താഴേക്ക് ആണ്ടുപോകുകയായിരുന്നു.
മനോജ് ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബഹളം കേട്ട് നാട്ടുകാർ എത്തി കുട്ടിയെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെളിയിൽ ആണ്ടുപോയതാകാമെന്നാണ് പ്രാഥമിക നിഗമനം.
പുതിയാപ്പ ഗവ. ഫിഷറീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ശ്രീനന്ദൻ.




