താനെ: മുംബൈയിൽ യുവതിയെ ശല്യം ചെയ്ത സംഘത്തിനെതിരെ വെടിവെച്ച സംഭവത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മലയാളിയായ ജയൻ ശിവാനന്ദൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11.30ഓടെ സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിലാണ് സംഭവം നടന്നത്. അനു ഷെയ്ഖ് ഹില എന്ന യുവതിയെ അബ്ദുൾ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. ഇവർ മുൻപും പല തവണ യുവതിയെ ഉപദ്രവിച്ചതായി പറയുന്നു.
ഇതിനിടെ സ്ഥലത്തെത്തിയ ജയൻ യുവാക്കളുമായി തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ഇയാൾ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് വെടിവെച്ചു. വെടിയേറ്റ് അക്ബർ അബ്ദുൾ ഷെയ്ഖ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ മരിച്ചു. മറ്റ് രണ്ട് പേർ ചികിത്സയിലാണ്. യുവതിയെ സഹോദരിയെപ്പോലെ കരുതുന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് ജയൻ പൊലീസിനോട് പറഞ്ഞു. മുൻ കരസേന സൈനികനാണ് ജയൻ എന്നാണ് വിവരം. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പൊലീസ് പിടികൂടി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.




