കൊൽക്കത്ത: ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വൻ വിജയം നേടിയെങ്കിലും സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണർ അഭിഷേക് ശർമക്കെതിരെ അച്ചടക്ക നടപടി. മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി എടുത്തിരിക്കുന്നത്. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി നൽകേണ്ടത്. കൂടാതെ അഭിഷേകിന്റെ അക്കൗണ്ടിൽ ഒരു ഡിമെറിറ്റ് പോയിന്റും രേഖപ്പെടുത്തി. മത്സരത്തിനിടെ പ്രകോപനപരമായതോ അശ്ലീലമായതോ ആയ ഭാഷ ഉപയോഗിച്ചതിനാണ് നടപടി.
ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.3 പ്രകാരമുള്ള ലെവൽ-1 കുറ്റമാണ് അഭിഷേക് ചെയ്തത്. സ്റ്റേഡിയത്തിലെ കാണികൾക്കോ ടെലിവിഷൻ പ്രേക്ഷകർക്കോ കേൾക്കാവുന്ന രീതിയിൽ മോശം വാക്കുകൾ ഉപയോഗിക്കുന്നത് ഈ നിയമപ്രകാരം കുറ്റകരമാണ്. പുറത്തായതിന്റെ തൊട്ടുപിന്നാലെ നടത്തിയ ചില പരാമർശങ്ങളാണ് നടപടിക്ക് കാരണമായത്. അച്ചടക്ക നടപടി നേരിട്ടെങ്കിലും ബാറ്റിംഗിൽ തകർപ്പൻ പ്രകടനമാണ് അഭിഷേക് പുറത്തെടുത്തത്.




