കോഴിക്കോട്: മുണ്ടക്കൈ ദുരിതബാധിതർക്കായി ഡിവൈഎഫ്ഐ സമാഹരിച്ച തുക വിനിയോഗിച്ചതിൽ വലിയ ക്രമക്കേട് നടന്നതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. സിഎംഡിആർഎഫിലേക്ക് പണം നൽകിയെന്ന ഡിവൈഎഫ്ഐയുടെ വാദം വ്യാജമാണെന്നും ഒരു വർഷത്തിന് ശേഷം നിർമാണ കമ്പനിക്ക് പണം കൈമാറിയതിൽ ദുരൂഹതയുണ്ടെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഒ.ജെ ജനീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2025 ഏപ്രിൽ 20-ന് 20 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയെന്ന് അവകാശപ്പെട്ടെങ്കിലും ഈ പണം സിഎംഡിആർഎഫ് അക്കൗണ്ടിലേക്ക് എത്തിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. വിവാദമായപ്പോൾ സ്പോൺസർഷിപ്പ് പദവിയോടെ നിർമാണ കമ്പനിക്ക് പണം നൽകിയെന്നാണ് ഡിവൈഎഫ്ഐ നൽകുന്ന വിശദീകരണം. എങ്കിൽ ഈ ഒരു വർഷക്കാലം പണം എവിടെയായിരുന്നുവെന്നും അതിന്റെ പലിശ എങ്ങോട്ട് പോയെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കണമെന്ന് ഒ.ജെ ജനീഷ് ആവശ്യപ്പെട്ടു.
യുവജന സംഘടനയായ ഡിവൈഎഫ്ഐക്ക് എവിടെ നിന്നാണ് സിഎസ്ആർ ഫണ്ട് ലഭിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, ഇത് ഊരാളുങ്കൽ സൊസൈറ്റി ഡിവൈഎഫ്ഐക്ക് വേണ്ടി നൽകിയതാണോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. 100 വീടുകളുടെ സ്പോൺസർഷിപ്പ് ഡിവൈഎഫ്ഐയുടെ പേരിലാക്കിയതും പണം നൽകിയ മറ്റ് സംഘടനകളെ ട്രൈ പാർട്ടി എഗ്രിമെന്റിൽ ഉൾപ്പെടുത്താത്തതും സംശയാസ്പദമാണ്. 20 കോടി രൂപ ഡിവൈഎഫ്ഐയുടെ അക്കൗണ്ടിൽ ഇപ്പോഴുമുണ്ടോ എന്ന് വ്യക്തമാക്കണമെന്നും, സർക്കാർ നിർമിച്ച വീടുകളിൽ ദുരിതബാധിതർക്ക് ഇതുവരെ താമസിക്കാൻ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ ഡിവൈഎഫ്ഐ സമരം ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ വീട്ടുപടിക്കലാണെന്നും ജനീഷ് കൂട്ടിച്ചേർത്തു.




