കോട്ടയം: എഫ്സിആർഎ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ രംഗത്ത്. പുതിയ നിയമം പുനഃപരിശോധിക്കണമെന്നും ഇത് സഭയുടെ സാമൂഹിക പ്രവർത്തനങ്ങളെ ഗൗരവമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള നിയമങ്ങൾ തന്നെ കർശനമാണെന്നും അവ കൃത്യമായി പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും കാതോലിക്ക ബാവ പറഞ്ഞു. പുതിയ ഭേദഗതി വലിയ ആശങ്ക സൃഷ്ടിക്കുന്നതും സഭയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനകം തന്നെ സഭയുടെ പല പ്രവർത്തനങ്ങളും തടസപ്പെട്ട നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജീവ് ചന്ദ്രശേഖർ നേരിൽ കണ്ടപ്പോൾ വിഷയങ്ങൾ അവതരിപ്പിച്ചെങ്കിലും പരിഹാരം ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. എഫ്സിആർഎ നിയമം അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട കാതോലിക്ക ബാവ, ഇത് ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിലെ മാറ്റത്തിന്റെ ഭാഗമാണോയെന്ന സംശയവും പ്രകടിപ്പിച്ചു.
ബിജെപി നേതാക്കളുടെ നിലപാട് ഇരട്ടത്താപ്പാണോയെന്നും അദ്ദേഹം ചോദിച്ചു. സഭയെ സന്ദർശിക്കുന്ന നേതാക്കളെ സൗഹൃദപരമായി സ്വീകരിച്ചിട്ടും, പിന്നീട് സഭയെ ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് ഉണ്ടാകുന്നതെന്ന് വിമർശിച്ചു. ആശങ്കപ്പെടേണ്ടതില്ലെന്ന ഉറപ്പുകൾ നൽകുന്നുവെങ്കിലും അതിന് യാതൊരു വ്യക്തതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെ നേരിൽ കണ്ടും ആശങ്ക അറിയിച്ചതായി വ്യക്തമാക്കി. കേന്ദ്ര സർക്കാർ ഭേദഗതിയുമായി മുന്നോട്ട് പോയാൽ തുറന്ന പ്രതിഷേധം നടത്തുമെന്നും മറ്റ് സഭകളുമായി കൂടിയാലോചിച്ച് ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അറിയിച്ചു.




