ധാക്ക: ടി20 ലോകകപ്പ് ബഹിഷ്കരണ വിവാദങ്ങൾക്ക് പിന്നാലെ ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താൻ ബംഗ്ലാദേശ് നീക്കം. ബിസിസിഐയുമായി സഹകരിച്ച് ഇന്ത്യൻ പുരുഷ, വനിതാ ടീമുകളുമായി പരമ്പരകൾ നടത്താനാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. മറ്റ് ക്രിക്കറ്റ് ബോർഡുകളുമായി സ്ഥിരമായി ആശയവിനിമയം തുടരുകയും ചെയ്യുമെന്ന് ബിസിബി ഡയറക്ടർ നസ്മുൾ അബെദിൻ ഫഹിം അറിയിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ബോർഡുമായി തർക്കത്തിലേർപ്പെടാൻ താത്പര്യമില്ലെന്ന് ബംഗ്ലാദേശ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് പ്രശ്നപരിഹാര ശ്രമങ്ങൾ ശക്തമായത്. ഇതിന്റെ ഭാഗമായി ബിസിസിഐയ്ക്ക് കത്തെഴുതിയ ബിസിബി, സെപ്റ്റംബറിൽ ഇന്ത്യൻ പുരുഷ ടീം ബംഗ്ലാദേശിൽ പരമ്പര കളിക്കുമെന്നും തുടർന്ന് ബംഗ്ലാദേശ് വനിതാ ടീം ഇന്ത്യ സന്ദർശിക്കുമെന്നും അറിയിച്ചു.
കായിക രംഗത്തെ പ്രശ്നങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ബംഗ്ലാദേശ് നിലപാട്. കായിക മന്ത്രി അമിനുൾ ഹഖ്, നയതന്ത്ര സങ്കീർണ്ണതകൾ കാരണം ലോകകപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും മുൻകൂട്ടി ചർച്ച നടത്തിയിരുന്നെങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും വ്യക്തമാക്കി.
മുൻപ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്മാനെ ഒഴിവാക്കിയതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സുരക്ഷാ ആശങ്കകളും രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിച്ചാണ് ഈ തീരുമാനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ടി20 ലോകകപ്പ് ഇന്ത്യയിൽ നടത്തുന്നതിനെതിരെ ബംഗ്ലാദേശ് മത്സരങ്ങൾ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും ഐസിസി അത് തള്ളുകയായിരുന്നു. നിലപാടിൽ ഉറച്ചുനിന്നതോടെ ബംഗ്ലാദേശിന് പകരം മറ്റൊരു ടീമിനെ കളിക്കാൻ അവസരം ലഭിച്ചു.
“ബംഗ്ലാദേശ് ഫസ്റ്റ്” എന്ന നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യയുമായുള്ള ഭാവി ബന്ധങ്ങളെന്നും, രാജ്യത്തിന്റെ താൽപര്യങ്ങളെ മുൻനിർത്തിയുള്ള സമതുലിത ബന്ധങ്ങളാണ് ലക്ഷ്യമെന്നും താരിഖ് റഹ്മാൻ വ്യക്തമാക്കി.




