കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ആറ് അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും അതിഥി തൊഴിലാളിയാണെന്നാണ് സൂചന. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
പെരുമ്പാവൂർ മുടിക്കലിലുള്ള ‘എ.എം വിനീർ’ പ്ലൈവുഡ് സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചതായി ആരോപിച്ചാണ് മൂന്ന് സഹോദരന്മാർ ഉൾപ്പെടെയുള്ള ആറുപേർ യുവാവിനെ മർദിച്ചത്.
പ്ലൈവുഡ് കമ്പനിയിൽ ഉപയോഗിക്കുന്ന കോർ ഉപയോഗിച്ച് നടത്തിയ മർദനത്തിൽ യുവാവിന്റെ മുഖം, വയർ, കൈകാലുകൾ എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പല്ലുകൾ ഒടിഞ്ഞതായും റിപ്പോർട്ടുണ്ട്. സംഭവത്തിനു പിന്നാലെ പ്രതികളെ സ്ഥാപനത്തിൽ നിന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ചയാളുടെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




